കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന കെ-‘ടൈറ്റാ’യി: മുന്നൊരുക്കങ്ങളില്ലാതെ ഡി.ഇ.ഒ ഓഫീസ്, പ്രതിഷേധവുമായി അധ്യാപകർ

news image
Jul 5, 2026, 5:01 am GMT+0000 payyolionline.in

കോഴിക്കോട്: നടക്കാവ് കൊട്ടാരം റോഡിലുള്ള ഡി.ഇ.ഒ. ഓഫീസിൽ ശനിയാഴ്ച നടന്ന കെ-ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർണ്ണമായും അലങ്കോലപ്പെടുകയും വലിയ നാടകീയരംഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പെടെ 1500-ലധികം പേരെയാണ് ഒരൊറ്റ ദിവസം ഒരേ സമയത്ത് അധികൃതർ പരിശോധനയ്ക്കായി വിളിച്ചുവരുത്തിയത്. രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധനയ്ക്കായി കാത്തുനിന്നവരുടെ ക്യൂ തിരക്കുകാരണം പ്രധാന റോഡിലേക്ക് വരെ നീണ്ടു. ശക്തമായ മഴയുണ്ടായിട്ടും കയറിനിൽക്കാൻ പോലും സൗകര്യമൊരുക്കാത്ത ഉദ്യോഗസ്ഥരുടെ നിസ്സംഗത അധ്യാപകരെ കടുത്ത ദുരിതത്തിലാക്കി. ഗർഭിണികളും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളമാണ് ക്യൂവിൽ നിൽക്കേണ്ടി വന്നത്.

 

​വിവിധ കാറ്റഗറികൾ തിരിക്കാതെയും കൃത്യമായ മുന്നൊരുക്കങ്ങൾ നടത്താതെയുമാണ് വെരിഫിക്കേഷൻ പ്രക്രിയ ആരംഭിച്ചത്. പരിശോധനാ ഹാളിന്റെ ഇടുങ്ങിയ ഒറ്റവഴിയിലൂടെ ഒരേസമയം നാൽപ്പതോളം പേർ ഒരുമിച്ച് കയറാനും ഇറങ്ങാനും ശ്രമിച്ചത് വലിയ ഉന്തും തള്ളും നിലവിളിയുമുണ്ടാക്കി. ഈ തിരക്കിനിടയിൽ പലർക്കും ചെരുപ്പുകളും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു. വടകര, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ നിന്നും വന്ന് കോഴിക്കോട്ട് പരീക്ഷയെഴുതിയ അധ്യാപകരാണ് ദുരിതത്തിലായവരിൽ ഭൂരിഭാഗവും. പി.എസ്.സി. ഡ്യൂട്ടിയും സെൻസസ് ചുമതലകളുമുള്ളതിനാൽ നാട്ടിൽ പോകാതെ വെരിഫിക്കേഷനായി മാത്രം തങ്ങിയ ഇവരിൽ പലരും തിരക്കുമൂലം ഒടുവിൽ മടങ്ങേണ്ടി വന്നു. ഡി.ഇ.ഒ. സ്ഥലംമാറിപ്പോയിട്ട് ഒരു മാസമായിട്ടും പുതിയ ആൾ ചുമതലയേൽക്കാത്തതാണ് ഓഫീസിലെ ഈ അനാസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ആവശ്യത്തിന് ജീവനക്കാരോ സംവിധാനങ്ങളോ ഇല്ലാതെ നടത്തിയ ഈ പരിശോധന അധ്യാപകരുടെ കടുത്ത പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe