പയ്യോളി : പ്രധാനാധ്യാപകർ ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി സ്വയം നിർവ്വഹിച്ചാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഏറ്റവും മികച്ച രീതിയിൽ ജോലി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് പറഞ്ഞു.കെ.പി.പി.എച്ച്.എ മേലടി സബ്ബ്ജില്ല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനാധ്യാപകരെ അറിവിൻ്റെ മേഖലയിൽ ശാക്തീകരിക്കുന്നതിൽ കെ.പി.പി.എച്ച്.എ സുപ്രധാനമായ പങ്ക് വഹിക്കുന്നതായും ഇത്തരം പഠന ക്ലാസ്സുകൾ പ്രധാനാധ്യാപകരെ സ്വാശ്രയ ബോധമുള്ളവരാക്കാനും ആത്മവിശ്വാസം നൽകുന്നതിനും ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്. എസ്.എൽ.സിക്കും,പ്ലസ്ടുവിനും ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അവാർഡ് നേടിയ സബ്ബ് ജില്ലാ സെക്രട്ടറി പി.ജി രാജീവിനെയും ചടങ്ങിൽ അനുമോദിച്ചു. പ്രസിഡന്റ് വി.സബിത അധ്യക്ഷയായി. സബ്ബ് ജില്ല സെക്രട്ടറി പി.ജി രാജീവ്,പി. വേണുഗോപാൽ,കെ.കെ അബ്ദുൾസലാം,പി.അനിൽകുമാർ, പി.കെ ഗീത,കെ.യൂസഫ് ,പി.വി ബീന, പി.സി മനോജ്,പി.ഹാഷിം, ഷാജു മാസ്റ്റർ എന്നിവർ സംസാരിച്ചു.