കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി.
അതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ വൈകീട്ട് കൂടിക്കാഴ്ച നടത്തും. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് അറിയിക്കും. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി മുഖ്യമന്ത്രിയെ നിശ്ചയിക്കും.
മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കും.അതിനിടെ കെപിസിസി ആസ്ഥാനത്ത് ചേർന്ന എംഎൽഎമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കിൻറേയും അജയ് മാക്കാൻറേയും സാന്നിധ്യത്തിൽ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്താങ്ങി.
