കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ: മന്ത്രി ഒ.ആർ കേളു

news image
Feb 28, 2025, 1:26 pm GMT+0000 payyolionline.in

പയ്യോളി: അവശത അനുഭവിക്കുന്ന ദരിദ്ര വിഭാഗം, വിദ്യാസമ്പന്നരായ അഭ്യസ്ത വിദ്യർ, സംരംഭങ്ങളിലേർപ്പെടുന്ന യുവസമൂഹം തുടങ്ങി എല്ലാവിഭാഗം ജനങ്ങളേയും ചേർത്തുപിടിച്ച് സമഗ്രവും നൂതനവുമായ സുസ്ഥിര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ പിന്നോക്ക വികസനവകുപ്പ് മന്ത്രി ഒ.ആർ കേളു പ്രസ്താവിച്ചു. കേരള സർക്കാർ പട്ടികജാതി വികസനവകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കർ വികസന പദ്ധതി മേലടി ബ്ലോക്കിലെ കോട്ടക്കുന്ന് നഗറിൽ സമർപ്പിച്ചു സംസാരിക്കുകയാരുന്നു അദ്ദേഹം.

പട്ടികജാതി വിഭാഗം ജനങ്ങൾ അധിവസിക്കുന്ന നഗറുകൾ കേന്ദ്രീകരിച്ച പൂർണ്ണ വികസനം ഉറപ്പുവരുത്തുകയും പട്ടികജാതി വിഭാഗം ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. പ്രളയം, കോവിഡ്, നിപ്പ, ചൂരൽമല തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് കാലത്തിനൊപ്പം സഞ്ചരിച്ചു കാലത്തിനൊപ്പം മുന്നേറുന്നതിനായി കേരളത്തിന്റെ മാനവ വിഭവശേഷി വർധിപ്പിക്കുന്നതിനായി അതിവേഗം സാമ്പത്തിക വളർച്ച കൈവരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടക്കുന്ന് 4 സെൻ്റ് നഗർ ഫുട്പാത്ത് , ലക്ഷം വീട് നഗർ ഫുട്പാത്ത് , കിളച്ച പറമ്പ് റോഡ് ഫുട്പാത്ത് , കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ് , കോട്ടപ്പറമ്പ് പുത്തൻ പുരയിൽ റോഡ് , കോട്ടക്കുന്ന് ലക്ഷം വീട് നഗർ – കിണർ പുനരുദ്ധാരണം , കിളച്ചപ്പറമ്പ് നഗർ- കുഴൽ കിണർ നിർമ്മാണം , കോട്ടക്കുന്ന് അംഗൻവാടി മുറ്റം ഉപയോഗപ്പെടുത്തി വയോജനങ്ങൾക്കുള്ള ഇരിപ്പിടവും വിശ്രമ കേന്ദ്രവും , സ്ട്രീറ്റ് ലൈറ്റ് 3 എണ്ണം തുടങ്ങി സമഗ്ര വികസനമാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം കോട്ടക്കുന്ന് നഗറിൽ ഒരു കോടി ചിലവിൽ നടപ്പിലാക്കിയത് .


ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാതിഥികളായി പങ്കെടുത്തു. കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.പി ഷാജി, കെൽ മാനേജർ കെ അബ്ദുറഹിമാൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മഹിജ എടോടി, അഷ്റഫ് കോട്ടക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ഷാജി, എ രാജൻ, മത്തത്ത് സുരേന്ദ്രൻ, കെ.കെ ഹമീദ്, കെപി രവീന്ദ്രൻ, പിപി മോഹൻദാസ്, കെ.കെ കണ്ണൻ, രമ്യകുമാരൻ എന്നിവർ സംസാരിച്ചു. വാർഡ് കൌൺസിലർ കെ.കെ സ്മിതേഷ് സ്വാഗതവും ബ്ലോക്ക് എസ്.ഡി.ഒ അസീസ് ടി നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe