സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. 2.71 കോടി വോട്ടർമാർ വിധി നിർണയിച്ച തിരഞ്ഞെടുപ്പിൽ രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടേമുക്കാലോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
140 കേന്ദ്രങ്ങളിലായി ക്രമീകരിച്ച വോട്ടെണ്ണലിൽ ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ എണ്ണിത്തുടങ്ങും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങളാണ് ഇത്തവണയുള്ളത്. വേഗതയേക്കാൾ കൃത്യതയ്ക്കാണ് മുൻഗണനയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. വോട്ടെണ്ണൽ വേഗത്തിലാക്കിയതിന് ആർക്കും പാരിതോഷികമില്ലെന്നും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിലെ കണക്കുകൾ പ്രകാരം 79.70 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ വോട്ടെണ്ണലിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻഡക്സ് കാർഡിൽ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും ഏജന്റുമാരും അടങ്ങുന്ന 15 വിഭാഗക്കാർക്കാണ് കേന്ദ്രത്തിൽ പ്രവേശനം.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ നിരീക്ഷകർക്കോ കളക്ടർക്കോ വരണാധികാരിക്കോ നൽകാം. പൊതുജനങ്ങൾക്കായി ‘1950’ എന്ന ഹെൽപ്പ്ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. വിജയഘോഷയാത്രകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് അടക്കമുള്ള ജില്ലകളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് ജില്ലാ കളക്ടർമാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമണിയോടെ അന്തിമ ഫലപ്രഖ്യാപനം പൂർത്തിയാകുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.
