കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് വി മുരളീധരൻ, എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി

news image
May 4, 2026, 2:28 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് മുതി‍‌ർന്ന നേതാവും കഴക്കൂട്ടം ബി ജെ പി സ്ഥാനാ‌‍ർത്ഥിയുമായ വി മുരളീധരൻ. സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് വി മുരളീധരന്റെ പ്രതികരണം. കഴക്കൂട്ടത്ത് എൽ ഡി എഫ് സ്ഥാനാ‍‍‌ർത്ഥി കടകം പള്ളി സുരേന്ദ്രനും യു ഡി എഫ് ശരത്ചന്ദ്ര പ്രസാദും ആണ് വി മുരളീധരനെതിരെ മത്സരിക്കുന്നത്. മൂന്ന് മുന്നണികളും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. 2016ൽ കടകംപള്ളിയോട് മത്സരിച്ചപ്പോൾ 42,732 വോട്ടാണ് മുരളീധരന് കിട്ടിയത്. നിലവിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബിജെപി ഇപ്പോൾ നിൽക്കുന്നത്. കൂടാതെ കഴിഞ്ഞ‍ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് 28 വാർഡുകളിൽ വിജയിക്കാൻ സാധിച്ചിരുന്നു. ഈ സൂചന നിലവിൽ ബിജെപിക്ക് നല്ല പ്രതീക്ഷയാണ് നൽകുന്നത്. 2021ൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുമ്പോഴും നേരിയ കുറവ് വോട്ട് ഷെയറിൽ വന്നെങ്കിലും രണ്ടാം സ്ഥാനം തന്നെ നിലനിർത്തിയിരുന്നു. തിരുവനന്തപുരം കോ‌ർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതും ഇത്തവണ ഉപകരിക്കുമെന്നാണ് എൻ‍‍‍‍ഡിഎ കരുതുന്നത്.

കേരളത്തിൽ തൂക്കുസഭ വരുമെന്നും ബിജെപി നിർണായക ശക്തി ആകുമെന്നും ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്നലെ പ്രതികരിച്ചിരുന്നു. കണക്ക് കൂട്ടിയതിനപ്പുറം സീറ്റെന്ന എക്സിറ്റ് പോളുകൾ ബിജെപി ക്യാമ്പിനും ആവേശം നൽകുന്നു. പോളിംഗിന് ശേഷം രണ്ട് സീറ്റ് ഉറപ്പിച്ച ബിജെപിക്ക് ഓണം ബമ്പറാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. 7 ഉം 11 ഉം കടന്ന് 14 വരെ സീറ്റുകളാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എവിടെയാണെന്നൊന്നും കൃത്യമായി പറയാനാകില്ലെന്ന് പറയുന്ന പാർട്ടി നേതാക്കൾ ഉഷാറിലാണ്. നേമം, കഴക്കൂട്ടത്തിന് അപ്പുറം തൃശൂർ, നാട്ടിക, കാട്ടാക്കട അടക്കം പലയിടത്തും അട്ടിമറി പ്രതീക്ഷിക്കുകയാണ് താമരക്കൂട്ടം. പ്രവചനങ്ങൾ തെറ്റിച്ച് ആരെങ്കിലം കൊടുങ്കാറ്റ് പോലെ അധികാരത്തിലേക്കെത്തുമോ, അതോ ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷമോ, അതൊന്നുമല്ലെങ്കിൽ തൂക്ക് സഭയോ…. ടെൻഷൻ്റ പരകോടിയിൽ ആണ് രാഷ്ട്രീയ കേരളം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe