കേരളത്തിൽ തെരഞ്ഞെടുപ്പിന് ഇനി 40 ദിവസം; ഫലമറിയാൻ 80 നാൾ…

news image
Mar 16, 2024, 11:36 am GMT+0000 payyolionline.in

ന്യൂഡൽഹി : ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ഏപ്രിൽ 26-നാണ് കേരളത്തിൽ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. ഇതോടെ, കേരളത്തിൽ തെരഞ്ഞെടുപ്പിന് ഇനി 40 ദിവസമാണുള്ളത്. ഫലമറിയാൻ 80 നാൾ കാത്തിരിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു.

2019 ൽ മാർച്ച് പത്തിനാണു തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണമെന്നാണ് നിയമം. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് കേരളത്തിൽ വന്നതി​െൻറ ആശ്വാസത്തിലാണ് മുന്നണികൾ. ഇതിനകം തന്നെ എല്ലാം മണ്ഡലങ്ങളിലും സ്ഥാനാർഥികൾ സജീവമായി കഴിഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe