കേരള സര്‍വകലാശാല സെനറ്റ്: പുതിയ അംഗങ്ങളുടെ നിയമനത്തിന് കോടതി വിലക്ക്

news image
Oct 21, 2022, 11:48 am GMT+0000 payyolionline.in

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി .ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കാണ്  നിര്‍ദേശം.എതിര്‍കക്ഷികളോട് കോടതി വിശദീകരണം തേടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം .ഗവര്‍ണര്‍ പുറത്താക്കിയ 15 അംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് നടപടി .ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി .ഹര്‍ജി 31 ന് വീണ്ടും പരിഗണിക്കും.

പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.. അതേസമയം സെനറ്റിൽ നിന്ന് ഗവർണ‌ർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവര്‍ക്ക് രജിസ്ട്രാർ കൈമാറിയിട്ടുണ്ട്.. രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പടെ 15 പേർക്കാണ് നോട്ടീസ് അയച്ചത്. അടുത്തമാസം 4 നും 19 നും വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ 15 പേർക്കും അയച്ച ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും.

ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. .തുടര്‍ന്നാണ് ഗവര്‍ണര്‍ അംഗങ്ങളെ പിന്‍വലിക്കുന്ന ഉത്തരവിറക്കിയത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe