കേസുകൾക്ക് ഇനി പരിഹാരം ഉടൻ; ഹൈക്കോടതിയിൽ ‘ഓട്ടോ ക്ലോസ് ലിസ്റ്റിങ്’ വൻ വിജയം, കെട്ടിക്കിടക്കുന്നവയ്ക്ക് മുൻഗണന

news image
Aug 12, 2026, 6:08 am GMT+0000 payyolionline.in

കൊച്ചി: കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിൽ കേരള ഹൈക്കോടതിയിൽ വൻ പുരോഗതി. വർഷങ്ങളായി കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം പരിഹരിക്കാനുള്ള തീവ്രപരിശ്രമം നടത്തുകയാണ് കോടതി. കേസുകൾ പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള ‘ഓട്ടോ കോസ് ലിസ്റ്റിങ്’ സംവിധാനമാണ് ഇതിന് വഴിയൊരുക്കുന്നത്.

ബദൽ തർക്കപരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തിയതോടെ കേസ് തീർപ്പാക്കുന്നതിൽ കേരള ഹൈക്കോടതിയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പുതിയ സംവിധാനം നടപ്പാക്കിയതോടെ ഹൈക്കോടതിയുടെ കേസ് തീർപ്പാക്കൽ നിരക്കിലും വലിയ വർധനവുണ്ടായി.

2026 ജനുവരി ഒന്ന് മുതൽ മേയ് 18 വരെ ഹൈക്കോടതിയുടെ കേസ് ക്ലിയറൻസ് നിരക്ക് 102.06 ശതമാനമായിരുന്നു. എന്നാൽ മേയ് 19 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ഇത് 122 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തേക്കാൾ 22 ശതമാനം അധികം കേസുകൾ കോടതി തീർപ്പാക്കി.

കേസുകൾ ലിസ്റ്റ് ചെയ്യുന്ന നടപടിക്രമം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹൈക്കോടതി നടപ്പാക്കിയ സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനമാണ് ‘ഓട്ടോ ക്ലോസ് ലിസ്റ്റിങ്’. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന കേസുകൾ സ്വമേധയാ കണ്ടെത്തി അവയ്ക്ക് മുൻഗണന നൽകുന്നതാണ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

ഇത്തരം കേസുകൾ ബന്ധപ്പെട്ട ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യുന്നതിനൊപ്പം പുതുതായി ഫയൽ ചെയ്യുന്ന കേസുകൾക്കും കൃത്യമായ അനുപാതത്തിൽ ലിസ്റ്റിങ് ഉറപ്പാക്കും. ചീഫ് ജസ്റ്റിസ് സൗമൻ സെന്നിന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ കേസ് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയത്.

2026 മേയ് 19ന് ഓട്ടോ ക്ലോസ് ലിസ്റ്റിങ് ആരംഭിച്ചതിന് ശേഷം 2,02,729 കേസുകളാണ് വിവിധ ബെഞ്ചുകൾക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തത്. കൂടുതൽ കേസുകൾ വാദം കേൾക്കുന്നതിനും സമയബന്ധിതമായി തീർപ്പാക്കുന്നതിനും ഈ സംവിധാനം സഹായിച്ചതായി ഹൈക്കോടതി ഭരണനിർവഹണ വിഭാഗം വിലയിരുത്തുന്നു. വാർഷിക കണക്കുകളും കേസ് തീർപ്പാക്കലിലെ പുരോഗതി വ്യക്തമാക്കുന്നുണ്ട്. 2023ൽ 87.05 ശതമാനമായിരുന്ന കേസ് നിരക്ക് 2024ൽ 103.83 ശതമാനമായി ഉയർന്നു. 2025ൽ നേരിയ കുറവോടെ ഇത് 100.48 ശതമാനമായി. 2026ൽ ഇതുവരെ കേസ് തീർപ്പാക്കൽ നിരക്ക് 112.03 ശതമാനത്തിലെത്തി.

വിചാരണ നടപടികളിലൂടെ മാത്രം കേസുകൾ തീർപ്പാക്കുന്നതിന് പകരം മധ്യസ്ഥത ഉൾപ്പെടെയുള്ള ബദൽ തർക്കപരിഹാര സംവിധാനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കോൺസിലിയേഷൻ സെന്റർ വഴി 2026 ജനുവരി മുതൽ ജൂൺ വരെ ഹൈക്കോടതിയിൽ 6,560 കേസുകളാണ് മധ്യസ്ഥതയ്ക്കായി റഫർ ചെയ്തത്. ഇതിൽ 724 കേസുകൾ ഒത്തുതീർപ്പാക്കി.

ഇതേ കാലയളവിൽ ജില്ലാ ജുഡീഷ്യറിയിൽ 93,642 കേസുകൾ മധ്യസ്ഥതയ്ക്കായി നിർദേശിക്കപ്പെട്ടതിൽ 18,110 കേസുകൾ ഒത്തുതീർപ്പാക്കി. കേരള ലീഗൽ സർവീസസ് അതോറിറ്റിയും ഈ കാലയളവിൽ 24,682 കേസുകൾ തീർപ്പാക്കി. ഹൈക്കോടതിയിൽ നടന്ന അദാലത്തുകളിലൂടെ 70 കേസുകൾക്കും പരിഹാരം കാണാൻ കഴിഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe