കൊയിലാണ്ടി: നഗരസഭയുടെ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന കൗൺസിൽ യോഗത്തിൽ നിന്നും യു ഡി എഫ് കൗൺ സിലർമാർ ഇറങ്ങിപ്പോയി. 2023 മാർച്ച് 7 ന് ഓഡിറ്റ് റിപ്പോർട്ട് നഗരസഭയിൽ ലഭിച്ചിട്ടും ഓഡിറ്റ് ചട്ടപ്രകാരം ഒരു മാസത്തിനകം പ്രത്യേക കൗൺസിൽ വിളിച്ച് ഓഡിറ്റ് പരാമർശങ്ങൾ ചർച്ച ചെയ്യേണ്ടതും മറുപടി നൽകേണ്ടതുമാണ്. എന്നാൽ 8 മാസത്തിനു ശേഷം യു.ഡി.എഫ്. കൗൺസിലർമാരുടെ നിർബന്ധപ്രകാരം യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ ചെയർപേഴ്സൻ്റെയും സെക്രട്ടറിയുടെയും നടപടികളെ ചോദ്യം ചെയ്ത് കൊണ്ടാണ് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. മാലിന്യ സംസ്കരണം, കുടിവെള്ളം, വാട്ടർ എ.ടി.എം, നികുതി പിരിവ്, ലൈസൻസ് അനുവദിക്കൽ, കണ്ടിജൻ്റ് ജീവനക്കാരുടെ യൂണിഫോം വാങ്ങൽ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങൽ, കുടിവെള്ള വിതരണത്തിനായുള്ള ടെണ്ടർ നടപടികൾ എന്നിവയിലാണ് ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുള്ളത്.
ഇതിനുള്ള കൃത്യമായ മറുപടി നൽകാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളുടെ വാടക പിരിക്കുന്നതിൽ സ്വന്തക്കാർക്ക് പ്രത്യേക ഇളവ് നൽകിയതുൾപെടെയുള്ള ഗുരുതര ക്രമക്കേടുകൾ ശ്രദ്ധയിൽ പെടുത്തിയിട്ടും ക്രമക്കേടുകൾ നടത്തിയവരെ നഗരസഭ ചെയർപേഴ്സൻ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്നും കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിലും അനധികൃത നിർമ്മാണങ്ങളിലും ഭരണ സമിതിയുടെ സ്വന്തക്കാർക്കും പല രൂപത്തിൽ അഴിമതി നടത്താൻ ഒത്താശ ചെയ്തു കൊടുക്കുന്നുവെന്നും യു.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു.
അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഭരണ സമിതി രാജിവെക്കണമെന്ന മുദ്രാവാക്യവുമായി യോഗത്തിൽ നിന്നും ഇറങ്ങി വന്ന യു.ഡി.എഫ്. കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
പ്രതിഷേധ സമരം പി. രത്ന വല്ലിടീച്ചർ ഉദ്ഘാടനം ചെയ്തു. വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി.
മനോജ് പയറ്റുവളപ്പിൽ, കെ.എം.നജീബ്, രജീഷ് വെങ്ങളത്തു കണ്ടി, എ അസീസ്, പി.ജമാൽ, ഫാസിൽ നടേരി, വി.വി. ഫക്രുദ്ധീൻ, വത്സരാജ് കേളോത്ത്, അരീക്കൽ ഷീബ, കെ.എം.സുമതി, കെ.ടി.വി.റഹ്മത്ത്, ജിഷ പുതിയേടത്ത്, ദൃശ്യ, ശൈലജ സംസാരിച്ചു.