കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നാളെ വിധി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയിൽ 128 പേരുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ബംഗാളിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു.
ബംഗാളിൽ ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു. അതേസമയം, മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് പ്രതി സഞ്ജയ് റോയി ആരോപിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.