കോഴിക്കോട് നഗരത്തിൽ സ്പാകളിൽ പൊലീസിന്റെ മിന്നൽ റെയ്ഡ്; 20 സ്ഥാപനങ്ങൾ പൂട്ടിച്ചു

news image
Oct 18, 2026, 11:33 am GMT+0000 payyolionline.in

കോഴിക്കോട്: നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന് കോഴിക്കോട് നഗരത്തിലെ എഴുപതോളം സ്പാകളിലും മസാജ് സെന്ററുകളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എലത്തൂർ,കസബ, ടൗൺ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ രേഖകളില്ലാത്തതും ചട്ടങ്ങൾ ലംഘിച്ചതുമായ 20 മസാജ് സെന്ററുകൾ പൊലീസ് പൂട്ടിക്കുകയും, ആറ് സ്ഥാപനങ്ങൾ അടച്ചിടുന്നതിനുള്ള നോട്ടീസ് നൽകുകയും ചെയ്തു.

​നഗരത്തിലെ സ്പാകളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയമാനുസൃതമാണോയെന്നും ആവശ്യമായ ലൈസൻസുകളും മറ്റ് ഔദ്യോഗിക അനുമതികളും ഉണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അനുവദനീയമായ പ്രവർത്തനങ്ങളുടെ മറവിൽ യാതൊരുവിധ അനധികൃത പ്രവർത്തനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി വ്യക്തമാക്കി. ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും. കൂടാതെ, ഇത്തരം സ്ഥാപനങ്ങളിലേക്ക് നിയമവിരുദ്ധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കെതിരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe