കോവളത്ത് വധുവിനെ പൊലീസ് വിവാഹ വേദിയിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി

news image
Jun 19, 2023, 7:50 am GMT+0000 payyolionline.in

കോവളം∙ വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയെന്നു പരാതി. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് കോവളം കെഎസ് റോഡിലെ ക്ഷേത്രത്തിനു മുന്നിൽവച്ചാണ്, വിവാഹത്തിനായി എത്തിയ വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയത്.

കായംകുളം സ്വദേശിനിയായ ആൽഫിയയെയാണ്, ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് വിവാഹ വേദിയിൽനിന്ന് ബലപ്രയോഗത്തിലൂടെ കൊണ്ടുപോയത്. കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി പ്രണയത്തിലായിരുന്ന ആൽഫിയ, ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതിനിടെ ആൽഫിയയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. 16–ാം തീയതി പൊലീസ് സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതിയിൽനിന്ന് പിൻമാറി.

തുടർന്ന് ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ ക്ഷേത്രത്തിൽവച്ച് അഖിലിന്റെയും ആൽഫിയയുടെയും വിവാഹം നടത്താൻ നിശ്ചയിച്ചു. ഇരുവരും ക്ഷേത്രത്തിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ കായംകുളം പൊലീസ് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. അവിടെനിന്ന് ആൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോവളം സ്റ്റേഷനിൽവച്ച് ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് ആവശ്യപ്പെങ്കിലും പൊലീസ് വഴങ്ങിയില്ല.

തുടർന്ന് ബലം പ്രയോഗിച്ച് ആൽഫിയയെ കായംകുളത്തേക്ക് കൊണ്ടുപോയി. കോവളം പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് ആൽഫിയയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കായംകുളത്തെത്തിച്ച ശേഷം ആൽഫിയയെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. ഈ സമയത്ത് അഖിലും സ്ഥലത്തെത്തിയിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതിയെ, അവരുടെ ഇഷ്ടാനുസരണം വരനോടൊപ്പം പോകാൻ അനുവദിച്ചു. ഇരുവരുടെയും വിവാഹം നാളെ നടക്കുമെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe