ന്യൂഡൽഹി> കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്നതിൽ പ്രതികരിക്കാതെ കേന്ദ്രആരോഗ്യ മന്ത്രാലയം. പൂർണ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ട കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങളാണു ടെലഗ്രാം ആപ്പിലൂടെ ചോർന്നത്.
കോവിൻ പോർട്ടലിൽനിന്നും മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ടെലിഗ്രാം ബോട്ടിൽ ലഭ്യമായിരുന്നത്. ആധാർ കാർഡ് നമ്പറോ, ഫോൺ നമ്പറോ നൽകിയാൽ ആളുടെ പേര്, ഫോൺ നമ്പർ, ജനന തീയതി, വാക്‌സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവയാണ് മറുപടിയായിലഭിച്ചത്.
സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ വിവരങ്ങൾ പുറത്തുവന്ന ടെലിഗ്രാം സേവനം നിശ്ചലമായി. വ്യക്തി വിവര ചോർച്ച സ്വകാര്യതയുടെ ലംഘനമാണെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.