ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്; മൂന്നാം ഘട്ട പരിപാലനത്തിന് 3.84 ലക്ഷം രൂപ

news image
May 18, 2023, 12:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് മൂന്നാം ഘട്ട പരിപാലത്തിനായി അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തൽകുള നവീകരണ ചുമതല. ഇതുവരെ 38 ലക്ഷം രൂപയാണ് നീന്തൽ കുളം നവീകരണത്തിന് അനുവദിച്ചത്.

പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാ‌ര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം പുറത്ത് വന്ന രേഖകള്‍ തെളിയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ അന്ന് പറഞ്ഞിരുന്നത്. നിത്യ ചെലവുകൾക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ മന്ത്രി മന്ദിരങ്ങൾ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് വലിയ വിവാദമാണ്. നേരത്തെ, ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചതും ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് നീന്തൽ കുളത്തിന്‍റെ നവീകരണത്തിന് വീണ്ടും പണം അനുവദിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe