സംസ്ഥാന സർക്കാർ 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നതിൽ 6.8 ലക്ഷം പേർക്കാണ് കേന്ദ്ര വിഹിതമുള്ളത്. ഇതിൽ 1,94,000 പേർക്കാണ് വിഹിതം അക്കൗണ്ടിലെത്താത്തത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് പെൻഷനിലെ കേന്ദ്രവിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ് വഴിയാക്കിയത്. കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാന ഫണ്ടിൽനിന്നാണ് തുക ലഭ്യമാക്കുന്നത്.
അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ, വാർധക്യ പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്‌ക്കാണ് യഥാക്രമം 200 രൂപ, 300 രൂപ, 500 രൂപ വീതം കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തുക നൽകുന്നത്. തുടർന്ന് തിരിച്ചുകിട്ടുന്നതിനായി കേന്ദ്രത്തെ സമീപിക്കുന്നതാണ് രീതി. ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്ര വിഹിതം കുടിശ്ശികയായിരുന്നു. സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതോടെ 2023 ജൂൺവരെയുള്ള 602.14 കോടി രൂപ ഒക്ടോബറിൽ കേന്ദ്രം നൽകി. ഇതിനുശേഷം നൽകിയിട്ടില്ല. പെൻഷൻ വിതരണത്തിന് സംസ്ഥാനം വർഷം 11,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ 200 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. അതും കൃത്യ സമയത്ത് നൽകുന്നില്ല.