കർണാടക തെരഞ്ഞെടുപ്പ്; ഖനി ഉടമ ജനാർദ്ദൻ റെഡ്ഢിയും കളത്തിൽ, ചിഹ്നവും സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു

news image
Mar 28, 2023, 9:16 am GMT+0000 payyolionline.in

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തെര‍ഞ്ഞെടുപ്പിനെ നേരിടാൻ കളത്തിലിറങ്ങി ഖനി ഉടമ ജനാർദ്ദന റെഡ്ഢിയും. കല്യാണ രാജ പ്ര​ഗതി പക്ഷ(കെആർപിപി) എന്ന പാർട്ടിയുടെ ചിഹ്നമായി ഫു​ഗ്ബോളും 20 മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളേയും ജനാർദ്ദനൻ റെഡ്ഢി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുമായുള്ള രണ്ടു പതിറ്റാണ്ടുള്ള ബന്ധം അവസാനിപ്പിച്ചാണ് റെഡ്ഢി പുതിയ പാർട്ടി രൂപീകരിക്കുന്നത്. മൂന്നുമാസം മുമ്പാണ് റെഡ്ഢി പാർട്ടി രൂപീകരണവുമായി രം​ഗത്തെത്തിയത്.

പണ്ട് രാഷ്ട്രീയത്തിലായിരുന്നപ്പോൾ ശത്രുവെന്നോ മിത്രമെന്നോ ഇല്ലാതെ എല്ലാവരും എന്നെ ഫുട്ബോൾ പോലെ തട്ടിക്കളിക്കുകയായിരുന്നു. എന്നാൽ ഇന്ന് എനിക്കെല്ലാവരുമായും ഫുട്ബോൾ തട്ടിക്കളിക്കാൻ കഴിയുമെന്ന് തെളിയിക്കാനാണ് മത്സരരം​ഗത്തേക്ക് കടക്കുന്നതെന്ന് പാർട്ടി ലോ​ഗോ പ്രകാശനം ചെയ്തു കൊണ്ട് ജനാർദ്ദന റെഡ്ഢി പറഞ്ഞു. അതേസമയം, ബെല്ലാരി പോലെയുള്ള ബിജെപിയുടെ ബെൽറ്റിൽ സ്വാധീന ശക്തിയാവാൻ ജനാർദ്ദന റെഡ്ഢിക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 

മഹേഷ് (ഹിരിയൂർ), ശ്രീകാന്ത് ബന്ദി (നാഗതൻ), മല്ലികാർജുന നെക്കന്തി (സിന്ധനൂർ), എൻ.അജേന്ദ്ര നെരലെകുണ്ടെ (പാവഗഡ), മെഹബൂബ് (ഇന്ഡി), ലല്ലേഷ് റെഡ്ഡി (സേദം), അരെകെരെ കൃഷ്ണ റെഡ്ഡി (ബാഗേപള്ളി), ഭീമ ശങ്കര് പാട്ടീൽ (ബിദാർ സൗത്ത്), ദാരപ്പ നായക (സിരുഗുപ്പ), ഡോ ചാരുൾ (കനകഗിരി)എന്നിവരാണ് മണ്ഡലങ്ങളിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ. ബല്ലാരി, കൊപ്പാൾ, ബീദർ, യാദ്ഗിർ, റായ്ച്ചൂർ, കലബുറഗി, വിജയനഗര എന്നീ ജില്ലകളിലാകും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. കൊപ്പാൾ ജില്ലയിലെ ഗംഗാവതിയിൽ നിന്ന് ജനാർദ്ദന റെഡ്ഡി മത്സരിക്കും. ഭാര്യ അരുണ ലക്ഷ്മി ബല്ലാരിയിൽ ജനാർദ്ദന റെഡ്ഡിയുടെ സഹോദരൻ സോമശേഖർ റെഡ്ഡിക്കെതിരേയും മത്സരിക്കും.

 

അതേസമയം, തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യമുണ്ടാകില്ലെന്നും റെഡ്ഢി പറഞ്ഞു. 15 ഓളം ജില്ലകളിലാണ് തന്റെ പാർട്ടി സംഘടനാ പ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസനം കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ താൻ യാത്ര ചെയ്യുകയാണെന്നും, അവിടെയുള്ളവർക്ക് തന്റെ പാർട്ടിയിലും മാറ്റവും വികസനവും കൊണ്ടുവരാൻ പ്രതീക്ഷയുണ്ടെന്നും റെഡ്ഡി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ 50 സീറ്റുകളിൽ മത്സരിക്കുമെന്നും കുറഞ്ഞത് 30 സീറ്റുകളിൽ വിജയിക്കുമെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe