ഗാന്ധി ജയന്തി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണവും ഹരിതവൽക്കരണവും

news image
Oct 2, 2026, 11:41 am GMT+0000 payyolionline.in

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ ‘ശുചിത്വം തന്നെ സേവനം’ എന്ന സന്ദേശമുയർത്തി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങളും ഹരിതവൽക്കരണവും നടത്തി. ഇന്ത്യൻ റെയിൽവേ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ആചരിച്ച ‘സ്വച്ഛതാ പഖോട’ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ആർ. ശങ്കർ മെമ്മോറിയൽ കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർമാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് സ്റ്റേഷനും പരിസരപ്രദേശങ്ങളും ശുചീകരിച്ചത്. സ്റ്റേഷൻ സൂപ്രണ്ട് റൂബിൻ, ട്രാഫിക് ഇൻസ്പെക്ടർ വിനു ടി., പോയിന്റ്സ്മാൻ അഭിനന്ദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഹരിതവൽക്കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിസരത്ത് തൈകൾ നടുന്ന പ്രവൃത്തി സ്റ്റേഷൻ സൂപ്രണ്ട് മനോജ് കുമാർ, ശ്രീ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ സോണി, പോയിന്റ്സ്മാൻ പ്രത്യുവിൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ അടിയന്തര ഇടപെടലിലൂടെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരെ ആദരിച്ചു. സെപ്റ്റംബർ 29-ന് സ്റ്റേഷനിൽ കുഴഞ്ഞുവീണ യാത്രക്കാരന് യഥാസമയം പ്രാഥമിക ശുശ്രൂഷയും സഹായവും നൽകിയ സ്റ്റേഷൻ മാസ്റ്റർ ജിനിഷ, സിഗ്നൽ സീനിയർ ടെക്നീഷ്യൻ സുധീഷ്, പോയിന്റ്സ്മാൻ പ്രിയ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

തുടർന്ന് ആർ. ശങ്കർ മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമ്മാനദാനം സ്റ്റേഷൻ മാസ്റ്റർ സോണൽ നിർവ്വഹിച്ചു. കമേഴ്സ്യൽ മാനേജർ സജീഷ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe