ഗാസയിലെ അഭയാർത്ഥി ക്യാമ്പിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍, ഹമാസ് കമാന്‍ഡ‌‌റെ വധിച്ചു

news image
Nov 1, 2023, 3:57 am GMT+0000 payyolionline.in

ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.

എത്ര പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 50 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്. ഹമാസിന്‍റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിർന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, ക്യാന്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.

ഇസ്രയേലി യുദ്ധ ടാങ്കുകൾ ഗാസയുടെ ഉള്ളറകളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴ് മുതൽ ഇത് വരെ 8,500 ലധികം സാധാരണക്കാർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് അനുമാനം. അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. ഇതിനിടയിൽ എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വെള്ളിയാഴ്ച വീണ്ടും ഇസ്രയേൽ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയിൽ മറ്റു ചിലയിടങ്ങളും ബ്ലിങ്കൻ സന്ദർശിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ ഇതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe