ഗുജറാത്തിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്

news image
Dec 5, 2022, 3:27 am GMT+0000 payyolionline.in

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. മധ്യ, വടക്കൻ ഗുജറാത്തിലെ 14 ജില്ലകളിലായി 93 നിയോജക മണ്ഡലങ്ങളിലെ 2.51 കോടി വോട്ടർമാർ തിങ്കളാഴ്ച 833 സ്ഥാനാർഥികളുടെ വിധി നിർണയിക്കും.മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പ്രതിപക്ഷ നേതാവ് സുഖ്റാം രഠാവ, പാട്ടീദാർ സമരനേതാക്കളായ ഹാർദിക് പട്ടേൽ, അൽപേഷ് ഠാകുർ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവർ അവസാനഘട്ടത്തിൽ ജനവിധിതേടുന്ന പ്രമുഖരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, ഹാർദിക് പാണ്ഡ്യ, കോൺഗ്രസ് നേതാവ് ശക്തി സിങ് കോഹിൽ എന്നിവർ അവസാനഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. 89 മണ്ഡലങ്ങളിൽ ഡിസംബർ ഒന്നിനായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.

ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 26,409 പോളിങ് ബൂത്തുകൾ രണ്ടാം ഘട്ട വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽനിന്ന് വ്യത്യസ്തമായി ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പി കോൺഗ്രസുമായിട്ടാണ് പ്രധാന മത്സരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe