ഗുജറാത്തിൽ വ്യാജ ടോൾ പ്ലാസ സ്ഥാപിച്ച്​ തട്ടിപ്പ്​; തട്ടിപ്പുകാർ വിലസിയത് ഒന്നര വർഷത്തോളം

news image
Dec 9, 2023, 1:39 pm GMT+0000 payyolionline.in

മോര്‍ബി: ഗുജറാത്തിലെ മോർബിയിൽ വ്യാജ ടോൾ പ്ലാസ സ്ഥാപിച്ച്​ തട്ടിപ്പ്​. 18 മാസത്തിനുള്ളില്‍ തട്ടിപ്പുകാർ യാത്രക്കാരില്‍ നിന്ന് ഏകദേശം 82 കോടി പിരിച്ചെടുത്തതായി ഗുജറാത്തിലെ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രമേഷ് സവാനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത്രയും കാലം ജില്ലാ അധികാരികള്‍ ഇക്കാര്യം അറിയാതെ ഇരുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്തിലെ ബമന്‍ബോര്‍-കച്ച് ദേശീയ പാതയില്‍ സ്വകാര്യ ഭൂമിയിലാണ്​ ടോൾ പ്ലാസ സ്ഥാപിച്ചിരുന്നത്​. ഒന്നര വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിരുന്ന പ്ലാസ നിയന്ത്രിച്ചിരുന്നത്​ സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേ ഒഴിവാക്കി വരുന്നവരെ ലക്ഷ്യമിട്ടാണ്​ ഈ ടോൾ പ്ലാസ പ്രവർത്തിച്ചിരുന്നത്​.

മോര്‍ബിയെ കച്ചുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 8A യിലാണ് വഗാസിയ ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. വ്യാജ ടോൾ ബൂത്തിൽ പകുതി നിരക്ക് മാത്രമാണ് ഈടാക്കിയിരുന്നത്. യഥാർഥ റൂട്ടില്‍ നിന്ന് വര്‍ഗാസിയ ഗ്രാമത്തിലെ വൈറ്റ് ഹൗസ് സെറാമിക് കമ്പനിയുടെ അടച്ചുപൂട്ടിയ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലത്തിലൂടെ ഗതാഗതം തിരിച്ചുവിട്ടായിരുന്നു തട്ടിപ്പ്. പകുതി ടോള്‍ മാത്രം മുടക്കിയാല്‍ മതിയെന്ന കാരണം കൊണ്ട് തന്നെ ട്രക്ക് ഡ്രൈവര്‍മാര്‍ വ്യാജ ടോള്‍ ബൂത്ത് വഴി കടന്ന്‌പോകാന്‍ തുടങ്ങി.

‘വര്‍ഗാസിയ ടോള്‍ പ്ലാസയുടെ യഥാർഥ റൂട്ടില്‍ നിന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ടോള്‍ ഈടാക്കുകയും ചെയ്യുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി നടപടി സ്വീകരിച്ചു’-മോര്‍ബി ജില്ലാ കളക്ടര്‍ ജി.ടി. പാണ്ഡ്യ പറഞ്ഞു. യഥാർഥ ടോള്‍ ബൂത്തിലേക്കാള്‍ വളരെ കുറച്ച് പണം നല്‍കിയാല്‍ മതിയെന്നതിനാല്‍ വ്യാജ ടോള്‍ പ്ലാസയെക്കുറിച്ച് ഒരു യാത്രക്കാരും പരാതിപ്പെട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വൈറ്റ് ഹൗസ് സെറാമിക് കമ്പനി ഉടമ അമര്‍ഷി പട്ടേല്‍, വനരാജ് സിങ്​ ജാല, ഹര്‍വിജയ് സിംഗ് ജാല, ധര്‍മേന്ദ്ര സിങ്​ ജാല, യുവരാജ് സിങ്​ ജാല എന്നിവരടക്കമുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള പട്ടീദാര്‍ സമുദായ നേതാവിന്റെ മകനടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്​.

യഥാർഥ ടോള്‍ പ്ലാസയില്‍ കാറുകള്‍ക്കും ട്രക്കുകള്‍ക്കും 110 രൂപ മുതല്‍ 595 രൂപ വരെയാണ് ഈടാക്കുന്നത്. അതേസമയം വ്യാജ ടോള്‍ പ്ലാസയില്‍ 20 മുതല്‍ 200 രൂപ വരെ മുടക്കിയാല്‍ മതിയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe