ഗുണ്ടാനേതാവ് ആതിഖ് അഹമ്മദില്‍നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മിച്ച് യോഗി സര്‍ക്കാര്‍ താക്കോല്‍ കൈമാറി

news image
Jun 30, 2023, 1:43 pm GMT+0000 payyolionline.in

ദില്ലി: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്‍റെ പിടിച്ചെടുത്ത ഭൂമിയില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ച് പാവപ്പെട്ടവര്‍ക്ക് കൈമാറി യുപി സര്‍ക്കാര്‍. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 76 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റുകൾ നറുക്കെടുപ്പിലൂടെയാണ് ഉപഭോക്താക്കളെ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും ഫ്ലാറ്റുകൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

41 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് മുറികളും അടുക്കളയും ടോയ്‌ലറ്റും അടങ്ങിയ സൗകര്യമുണ്ട്. 6,000-ത്തിലധികം ആളുകളാണ് ഫ്ലാറ്റുകള്‍ക്കായി പ്രയാഗ്‌രാജ് വികസന അതോറിറ്റിയിൽ അപേക്ഷിച്ചത്. ഇവരില്‍നിന്ന് മുന്‍ഗണനാ പ്രകാരം 1,590 പേരെ കണ്ടെത്തുകയും അതില്‍നിന്ന് നറുക്കെടുക്കുകയുമായിരുന്നു.

പാവപ്പെട്ടവരില്‍ നിന്ന് ഗുണ്ടാതലവന്മാര്‍ തട്ടിയെടുത്ത ഭൂമിയില്‍ വീടു പണിത് പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2017-ന് മുമ്പ് മാഫിക്ക് ആരില്‍നിന്നും ഭൂമി തട്ടിയെടുക്കാൻ കഴിയുമായിരുന്നുവെന്നും ഇപ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് വീടുകൾ പണിയുന്നത് അതേ ഭൂമിയിലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മാഫിയകളിൽ നിന്ന് ഭൂമി പിടിച്ചെടുത്തത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറോളം ക്രിമിനല്‍ കേസുകളിലെ പ്രതിയും മുന്‍ എംപിയുമായിരുന്ന ആതിഖിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് പൊലീസിന്റെ കണ്‍മുന്നിലായിരുന്നു കൊലപാതകം. തട്ടിക്കൊണ്ടുപോകൽ കേസിൽ ആതിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe