ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മൂന്നര വയസ്സുകാരൻ മോഹിസ് സിദാൻ എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ ഗുണ്ടൽപേട്ടിന് സമീപത്തെ കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ഗുണ്ടൽപേട്ടിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് ഗുണ്ടൽപേട്ട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
