ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍; ഒരു രാത്രി മാനത്തേക്ക് നോക്കിയിരിക്കാം, ആകാശത്തെ അത്ഭുതങ്ങളറിയാം

news image
Jan 5, 2024, 12:15 pm GMT+0000 payyolionline.in

തിരുവനന്തപുരം > ശാസ്‌ത്രലോകത്തെ നിരവധി അറിവുകളും അത്ഭുതങ്ങളുമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിട്ടുള്ളത്. അതില്‍ ഏറ്റവും ആകര്‍ഷകമായത് ആകാശത്തെ അത്ഭുതങ്ങളിലേക്ക് ഉറ്റുനോക്കുന്ന ടെന്റിങ് ആന്‍ഡ് നൈറ്റ് സ്‌കൈവാച്ചിങ് പരിപാടിയാണ്. സയന്‍സ് ഫെസ്റ്റിവല്‍ വേദിയായ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സജ്ജീകരിക്കുന്ന ടെന്റുകളില്‍ ഒരു രാത്രി താമസവും, ഭക്ഷണവും, ആധുനിക ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ വിദഗ്ധര്‍ നയിക്കുന്ന വാനനിരീക്ഷണ സെഷനുകളും സയന്‍സ് ഫെസ്റ്റിവലിലെ മുഴുവന്‍ പ്രദര്‍ശനങ്ങളും ആസ്വദിക്കാനുള്ള ടിക്കറ്റുകളും അടങ്ങുന്ന പാക്കേജായാണു നൈറ്റ് സ്‌കൈ വാച്ചിങ് സംഘടിപ്പിക്കുന്നത്.

 

 

കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയവുമായി സഹകരിച്ച് വൈകിട്ട് ആറു മുതല്‍ രാത്രി 12 വരെയാണ് വാനനിരീക്ഷണ സെഷനുകള്‍ നടത്തുക. ശാസ്‌ത്രസാങ്കേതിക മ്യൂസിയം സജ്ജീകരിക്കുന്ന ആധുനിക ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് അവിടെനിന്നുള്ള വിദഗ്‌ദരാണ് അതിന് നേതൃത്വം നല്‍കുക. ഫെസ്റ്റിവല്‍ കാലയളവിലെ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലാണ് (ജനുവരി 20, 21, 23, 27, 28, 30, ഫെബ്രുവരി 3, 4,6, 10, 11, 13 തീയതികളില്‍) സ്‌കൈവാച്ചിങ് ഉണ്ടാകുക. ടെന്റില്‍ താമസം, ഭക്ഷണം, സ്‌കൈ വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കുള്ള അഞ്ചോളം ആഡ് ഓണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമാണ് പാക്കേജ്. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പാക്കേജ് സംബന്ധിച്ച വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe