നിലമ്പൂരിലെ രാധ വധക്കേസ്‌: പ്രതികളെ വെറുതേവിട്ടതിന്‌ എതിരായ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്‌

news image
Jan 5, 2024, 12:11 pm GMT+0000 payyolionline.in

ന്യൂഡൽഹി > നിലമ്പൂരിലെ കോൺഗ്രസ്‌ ഓഫീസ്‌ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതേവിട്ട കേരളാഹൈക്കോടതി ഉത്തരവിന്‌ എതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്‌. പ്രതികളായിരുന്ന ബി കെ ബിജു നായർ, ഷംസുദീൻ എന്നിവരെ വെറുതേവിട്ട നടപടിക്ക്‌ എതിരെയാണ്‌ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹൈക്കോടതി വിധിക്ക്‌ എതിരായ സർക്കാരിന്റെ അപ്പീലിൽ ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്‌, എസ്‌ വി ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു.

പ്രോസിക്യൂഷൻ ഉന്നയിച്ച നിർണായകവസ്‌തുതകളും സാഹചര്യത്തെളിവുകളും പരിഗണിക്കാതെയാണ്‌ ഹൈക്കോടതി ഉത്തരവെന്ന വാദമാണ്‌ അപ്പീലിൽ സംസ്ഥാനസർക്കാർ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്‌. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്നും രാധയുടെ ആഭരണങ്ങൾ ഉൾപ്പടെ കണ്ടെത്തിയിരുന്നു. പ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവരാതിരിക്കാനാണ്‌ രാധയെ വകവരുത്തിയതെന്ന്‌ തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. സംസ്ഥാന സർക്കാരിന്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത്‌മുത്തുരാജും സ്‌റ്റാൻഡിങ്ങ്‌ കോൺസൽ നിഷേ രാജൻഷൊങ്കറും ഹാജരായി.

2014 ഫെബ്രുവരി അഞ്ചിന്‌ കാണാതായ രാധയുടെ മൃതദേഹം അഞ്ച്‌ദിസങ്ങൾക്ക്‌ ശേഷം ചുള്ളിയോട്‌ കുളത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. പിന്നാലെ തന്നെ
ബിജുവിനെയും ഷംസുദീനെയും പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുൻമന്ത്രി ആര്യാടൻ മുഹമദിന്റെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗമായിരുന്ന ബിജു പ്രതിയായ കേസ്‌ കോൺഗ്രസിനെ വലിയ രീതിയിൽ പ്രതിസന്ധിയിൽ ആക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe