പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി ബിനു വര്‍ഗീസ് വ്യക്തമാക്കി. പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ വെച്ച് പിടിയിലായത്.
വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിലാണ് നിര്‍ണായക മൊഴി ലഭിച്ചത്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്നാണ് വിദ്യാര്‍ത്ഥി നൽകിയ മൊഴി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും അക്ഷയ സെന്ററുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാലെ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയുള്ളുവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.