ചന്ദ്രന്റെ ചിത്രം പകർത്തി ചന്ദ്രയാൻ 3 ; ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

news image
Aug 7, 2023, 3:10 am GMT+0000 payyolionline.in

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ കാമറകൾ എടുത്ത വീഡിയോ ദൃശ്യങ്ങളാണിവ. ചന്ദ്രന്റെ മധ്യമേഖലയിലും ദക്ഷിണധ്രുവത്തിലുമുള്ള ഗർത്തങ്ങളും നിഴൽ പ്രദേശങ്ങളും പർവതങ്ങളും വ്യക്തമായി കാണാനാകും. പേടകത്തിന്റെ സൗരോർജ പാനലുകൾ 45 സെക്കന്റ് നീളുന്ന വീഡിയോയിലുണ്ട്.അതിനിടെ, ചന്ദ്രനെ ചുറ്റുന്ന ചാന്ദ്രയാൻ 3ന്റെ ആദ്യ പഥം താഴ്‌ത്തൽ പ്രക്രിയയും പൂർണ വിജയം. ഇതോടെ കുറഞ്ഞ ദൂരം 170 കിലോമീറ്ററും കൂടിയ ദൂരം 4313 കിലോമീറ്ററുമായ ദീർഘവൃത്ത ഭ്രമണപഥത്തിലേക്ക്‌ പേടകം എത്തി. 18,074 കിലോമീറ്ററിൽ നിന്നാണ് ഈ ദൂരത്തിലേക്ക്‌ താഴ്‌ത്തിയത്‌. ഞായർ രാത്രി പതിനൊന്നോടെ ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകിയ കമാൻഡിനെ തുടർന്നാണ്‌ പഥം താഴ്‌ത്തൽ ആരംഭിച്ചത്‌. കമാൻഡ്‌ സ്വീകരിച്ച പേടകം  ത്രസ്‌റ്റർ 19.62 മിനിറ്റ്‌ ജ്വലിപ്പിച്ച്‌ പഥം മാറ്റുകയായിരുന്നു. 173 കിലോഗ്രാം ഇന്ധനം ഇതിനായി ഉപയോഗിച്ചു. അടുത്ത പഥം തിരുത്തൽ ബുധനാഴ്‌ച നടക്കും.

പ്രൊപ്പൽഷൻ മോഡ്യൂൾ, ലാൻഡർ, റോവർ എന്നിവയടങ്ങുന്ന ചാന്ദ്രയാൻ പേടകത്തിന്റെ ‘ആരോഗ്യനില’ തൃപ്‌തികരമാണെന്ന്‌ ഐഎസ്‌ആർഒ അറിയിച്ചു. പരീക്ഷണ ഉപകരണങ്ങളും സുരക്ഷിതമാണ്‌. ബംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സ്, ബൈലാലുവിലെ ഇന്ത്യൻ ഡീപ്പ്‌ സ്‌പേസ്‌ നെറ്റ്‌വർക്ക്‌ എന്നിവ തുടർച്ചയായി പേടകത്തെ നിരീക്ഷിക്കുന്നുണ്ട്‌. യൂറോപ്യൻ സ്‌പേസ്‌ ഏജൻസി, ജപ്പാൻ സ്‌പേസ്‌ ഏജൻസി എന്നിവയുടെ സഹായവും ലഭിക്കുന്നു. ജൂലൈ 14ന്‌ വിക്ഷേപിച്ച ചാന്ദ്രയാൻ 3 പേടകം ശനി വൈകിട്ടാണ്‌ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചത്‌. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 23 നാണ്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe