ചവറ പാലത്തിൽ എയർ ഇന്ത്യ “വിമാനം’ കുടുങ്ങി

news image
Nov 7, 2022, 2:48 pm GMT+0000 payyolionline.in

ചവറ: തിരുവനന്തപുരത്തുനിന്ന്‌ വിമാനവും വഹിച്ചെത്തിയ ട്രെയിലർ ലോറി ചവറ പാലത്തിൽ കുടുങ്ങി. ഇന്നലെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസ കടക്കാനാകാതെയും ട്രെയിലർ കുടുങ്ങിയിരുന്നു. കൊച്ചി ഭാഗത്തേക്കു പോകാൻ രാവിലെ എത്തിയ ട്രെയിലർ വിമാനവുമായി ടോൾ പ്ലാസ കടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വശത്ത്‌ നിർത്തിയിട്ടു. റോഡരികിൽ കിടന്ന വിമാനം കാണാൻ നാട്ടുകാർ കൂട്ടമായെത്തി.

ബൈപാസിലൂടെ യാത്ര ചെയ്യുന്നവരും വാഹനം നിർത്തി കാഴ്ചക്കാരായതോടെ റോഡിൽ ട്രാഫിക് കരുക്കായി. പൊലീസ് ഇടപെട്ട് ടോൾ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലർ കടത്തി യാത്ര തുടർന്നെങ്കിലും കുരീപ്പുഴ – കാവനാട് പാലം കയറുന്നതിനു മുമ്പേ  ട്രെയിലറിന്റെ ടയർ പഞ്ചറായി വീണ്ടും റോഡിൽ കുടുങ്ങുകയായിരുന്നു.
30 വര്‍ഷം സർവീസ്‌ നടത്തിയ എയര്‍ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെ വിമാനം ആക്രിവില്‍ക്കാന്‍ എഐ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ലേലത്തില്‍ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം വാങ്ങി. തുടർന്ന് വിമാനം പൂർണമായും പൊളിക്കാനായി നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്‌. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകുതട്ടി കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe