വടകര: പ്രകൃതിരമണീയമായ ചെരണ്ടത്തൂർ ചിറയിലെ പാടശേഖരങ്ങൾ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങൾ കൈയടക്കുന്നത് കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വലിയ ഭീഷണിയാകുന്നു. മദ്യപാനത്തിന് ശേഷം കുപ്പികൾ പാടത്തേക്കും തോടുകളിലേക്കും വലിച്ചെറിയുന്നതാണ് ഈ ദുരിതത്തിന് കാരണം. ബോധപൂർവ്വം കുപ്പികൾ പൊട്ടിച്ചെറിയുന്ന രീതിയും വർധിച്ചുവരികയാണ്. ചെളിയിൽ പുതഞ്ഞുകിടക്കുന്ന ഈ ചില്ലുകൾ നടീൽ സമയത്തും വളപ്രയോഗത്തിനിറങ്ങുമ്പോഴും തൊഴിലാളികളുടെ കാലിൽ തറച്ചുകയറുന്നത് ഇവിടെ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
അഞ്ഞൂറോളം ഏക്കർ വിസ്തൃതിയുള്ള ചെരണ്ടത്തൂർ ചിറയിൽ ഇത്തവണ ഇരുനൂറോളം ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്. കൃഷിപ്പണികൾക്കിടയിൽ നാട്ടുകാർക്കും അതിഥിത്തൊഴിലാളികൾക്കും കുപ്പിച്ചില്ല് കൊണ്ട് പരിക്കേൽക്കുന്നത് തുടർക്കഥയാവുകയാണ്. കൊയ്ത്തുയന്ത്രങ്ങൾ കയറുമ്പോൾ കുപ്പികൾ പൊട്ടിത്തെറിക്കുന്നത് വൈക്കോൽ ശേഖരിക്കാനെത്തുന്നവർക്കും അപകടമുണ്ടാക്കുന്നു. പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും ജലനിധി പദ്ധതിയുടെ കിണറിന് സമീപം വരെ കുന്നുകൂടുന്നത് പ്രദേശം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്.
രാത്രികാലങ്ങളിൽ വാഹനങ്ങൾ പാടത്തിന്റെ ഉൾഭാഗത്തേക്ക് പ്രവേശിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. കർഷകർ തന്നെ മുൻകൈയെടുത്ത് പലപ്പോഴും പാടത്തുനിന്ന് കുപ്പികൾ പെറുക്കി നീക്കം ചെയ്യാറുണ്ടെങ്കിലും മദ്യപരുടെ അതിക്രമത്തിന് കുറവില്ല. ഈ സാഹചര്യത്തിൽ പോലീസിന്റെ കർശനമായ പരിശോധനയും നിരീക്ഷണവും പ്രദേശത്ത് വേണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
