ചോമ്പാല : ദേശീയപാത ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നതോടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമോ എന്ന ആശങ്കയിൽ നാട്ടുകാർ. ഈ ഭാഗത്ത് സർവീസ് റോഡ് നിർമിക്കാത്തതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണമായത്. ടോൾ പ്ലാസയ്ക്ക് അടുത്ത് സർവീസ് റോഡ് അനുവദിച്ചാൽ ടോൾ കൊടുക്കാതെ വാഹനം പോകുമെന്ന നിഗമനത്തെ തുടർന്നാണ് അനുവദിക്കാൻ ദേശീയപാത അതോറിറ്റി തയാറാകാത്തത്. ചോമ്പാലയിൽ ടോൾ പ്ലാസയ്ക്ക് വേണ്ടിയുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചു. ഈ ഭാഗത്ത് സർവീസ് റോഡിനുള്ള സൗകര്യം ഇല്ല. റോഡ് ടാറിങ്ങിന് പകരം കോൺക്രീറ്റ് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പ്ലാസ വരുമ്പോൾ വാഹനങ്ങൾ വരിയായി നിർത്തേണ്ടി വരുമ്പോൾ റോഡ് തകരാതിരിക്കാനാണിത്.
മുക്കാളി മുതൽ ചോമ്പാൽ ബ്ലോക്ക് ഓഫിസ് സർവീസ് റോഡ് നിർമിക്കാൻ കഴിയില്ലെന്നാണ് ദേശീയപാത അതോറിറ്റി നേരത്തെ പറഞ്ഞിരുന്നത്. അതിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അധികൃതർ സ്ഥലത്ത് എത്തി സർവീസ് റോഡോ ബദൽ സംവിധാനമോ ഒരുക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ വാഹന സൗകര്യം നൽക്കുമെന്ന് പറഞ്ഞുവെങ്കിലും ഈ കാര്യത്തിൽ ഒരു ഉറപ്പും അധികൃതർ നൽക്കുന്നില്ല. മാറി മാറി വരുന്ന ദേശീയ പാത പ്രോജക്റ്റ് ഡയറക്ടർമാർ നേരിട്ട് നാട്ടുക്കാരുടെ ആവശ്യം കേട്ടിരുന്നു. എന്നാൽ ഈ കാര്യത്തിൽ ഉറപ്പ് ഒന്നും ലഭിച്ചില്ല. നിർദിഷ്ട ചോമ്പാൽ ടോൾ പ്ലാസയ്ക്ക് ഇരു വശവും താമസിക്കുന്നവരുടെ സഞ്ചാര സ്വാതത്രം ഉറപ്പാക്കാൻ ജില്ല ഭരണകൂടവും , ദേശീയ പാത അതോററിയും നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.