കോഴിക്കോട്: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി കേന്ദ്രീകരിച്ച് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം. അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.
ഇന്നലെ വൈകിട്ടാണ് സമരത്തിന് കാരണമായ സംഭവം നടന്നത്. സ്കൂൾ ബസ് കൺസഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പരാതിയിൽ ഒരു സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷ് എന്നാണ് ഈ ജീവനക്കാരന്റെ പേര്. ഇയാളെ പൊലീസ് മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം ഇന്നലെ തന്നെ ഇയാളെ വിട്ടയച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.