ജസ്റ്റിസ്‌ എ ജെ ദേശായി കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

news image
Jul 20, 2023, 3:25 am GMT+0000 payyolionline.in

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ 38––ാം ചീഫ്‌ ജസ്റ്റിസായി എ ജെ ദേശായിയെ (ആശിഷ്‌ ജെ ദേശായി) നിയമിച്ചു. കേരളമടക്കം നാലുസംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസുമാരെ നിയമിച്ച വിവരം കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം മേഘ്‌വാളാണ്‌ ട്വീറ്റുചെയ്‌തത്‌. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്തിയ ഒഴിവിലാണ്‌ പുതിയ നിയമനം.

അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സുനിത അഗർവാളിനെ ഗുജറാത്ത്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസാക്കി. ഒറീസ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ സുഭാഷി തലപത്രയെ അവിടെ ചീഫ്‌ ജസ്റ്റിസായി ഉയർത്തി. നിലവിലെ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ മുരളീധർ ആഗസ്ത്‌ ഏഴിന്‌ സ്ഥാനമൊഴിയും. കർണാടക ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ അലോക്‌ ആരാധേയെ തെലങ്കാന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായും നിയമിച്ചു.

ഗുജറാത്ത്‌ ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരിമുതൽ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസാണ്‌. 2011ൽ ഗുജറാത്ത്‌ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായാണ്‌ ആദ്യനിയമനം. 2006 മുതൽ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു. ഗുജറാത്ത്‌ ഹൈക്കോടതി മുൻ ജഡ്‌ജി പരേതനായ ജസ്‌റ്റിസ്‌ ജിതേന്ദ്ര പി ദേശായിയുടെ മകനാണ്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe