ജെഇഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ റഷ്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു

news image
Oct 4, 2022, 3:36 am GMT+0000 payyolionline.in

ദില്ലി: 2021 ലെ ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരനായ റഷ്യൻ പൌരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാക്കിസ്ഥാനിലെ അൽമാട്ടയിൽ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. ജെ ഇ ഇ പരീക്ഷയുടെ സോഫ്റ്റ്വെയർ ഹാക്ക് ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയത്. ഇത് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒടുവിൽ സംഭവത്തി വിദേശ ഇടപെടലുണ്ടായെന്നും തെളിഞ്ഞിരുന്നു.

ടിസിഎസ് സോഫ്റ്റ്വെയർ അടക്കം ഹാക്ക് ചെയ്തായിരുന്നു ചോർത്തൽ. ജെ ഇ ഇ പരീക്ഷയ്ക്കായ ടാറ്റ കൺസൾട്ടൻസി നിർമിച്ച സോഫ്റ്റ്വെയർ ആയിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. 2021 സെപ്റ്റംബറിലാണ് സ്വകാര്യ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ റഷ്യൻ പൌരനായ പ്രതിയുടെ പങ്ക് വ്യക്തമായതോടെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് ശേഷം ദില്ലി-എൻസിആർ, പുനെ, ജംഷദ്പുർ, ഇൻഡോർ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ 19 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 25 ലാപ്‌ടോപ്പുകൾ, ഏഴ് പിസികൾ, 30 ഓളം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ, മാർക്ക് ഷീറ്റുകൾ തുടങ്ങിയവയും ഹാക്കിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.

വിദ്യാർത്ഥികൾക്ക് വേണ്ടി റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പരീക്ഷ എഴുതുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക് ഷീറ്റുകൾ, യൂസർ ഐഡികൾ, പാസ്‌വേഡുകൾ, പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ എന്നിവ സെക്യൂരിറ്റിയായി വാങ്ങിയിരുന്നതായും ആരോപണമുണ്ട്. പരീക്ഷ എഴുതാനായി ഒരാളിൽ നിന്ന് 15 ലക്ഷം രൂപവരെ ഈടാക്കിയിരുന്നതായും സിബിഐ വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe