ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെ

news image
Oct 6, 2026, 12:47 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിൻറെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. കാർഗോ സർവീസിൻറെ ഫ്ലാഗ് ഓഫ് നാളെ (ഒക്ടോബർ ഏഴിന്) ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടക്കുന്നത്. ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എംപി, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഒക്ടോബർ 14 ന് നടക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള ‘പ്രിയദർശിനി പദ്ധതി’ സൗജന്യ യാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. രണ്ടാം ഘട്ടത്തിൽ ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പ്രതിഷേധിക്കുന്നത്. പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കുക എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ ഒക്ടോബർ അവസാന വാരം ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തും. അതിനുശേഷവും നടപടിയുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe