ദേശീയപാതകളില്‍ ടോളിനായി വാര്‍ഷിക ഫാസ്ടാഗ് പാസ് നിലവില്‍വന്നു. സ്ഥിരം യാത്രക്കാര്‍ക്ക് ടോള്‍ നിരക്കുകളില്‍ ലാഭം ഉറപ്പാക്കുന്നതിനും തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് നടപ്പാക്കിയത്. സൗകര്യം നിലവില്‍ വന്ന വെള്ളിയാഴ്ച വൈകുന്നേരം നാലരവരെ ഒരു ലക്ഷത്തിലധികം പേര്‍ പാസ് വാങ്ങിയെന്നാണ് കണക്ക്.
സ്ഥിരം യാത്രക്കാര്‍ക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കില്‍ ഒരുവര്‍ഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു വശത്തേക്ക് കടക്കുന്നത് ഒരു ട്രിപ്പായും ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ രണ്ടു ട്രിപ്പായും പരിഗണിക്കും. 3000 രൂപ അടച്ചാല്‍ 200 യാത്രകള്‍ ലഭിക്കുന്നതിനാല്‍ ഒരു യാത്രയ്ക്ക് ശരാശരി വരുന്ന ടോള്‍ നിരക്ക് 15 രൂപയാണ്. സ്വകാര്യ നാലുചക്ര വാഹനങ്ങള്‍ക്കാണ് പാസ്.
ഓഗസ്റ്റ് 15 മുതലാണ് രാജ്മാര്‍ഗ് ആപ്പിലും നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.nhai.gov.in, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ വെബ്സൈറ്റായ www.morth.nic.in മുഖേനയും വാര്‍ഷിക പാസ് ലഭിച്ച് തുടങ്ങിയത്. നിലവില്‍ ഫാസ്ടാഗ് ഉണ്ടെങ്കില്‍ പുതിയൊരെണ്ണം വാങ്ങേണ്ട ആവശ്യമില്ല. അംഗീകൃത പോര്‍ട്ടല്‍ വഴിയോ ആപ്പ് വഴിയോ 3,000 രൂപ ഫീസ് അടച്ച ശേഷം നിങ്ങളുടെ വാര്‍ഷിക പാസ് നിലവിലുള്ള ടാഗുമായി ബന്ധിപ്പിക്കാം.
വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാറുകള്‍, ജീപ്പുകള്‍, വാനുകള്‍പോലുള്ള സ്വകാര്യ വാഹനങ്ങള്‍ക്കായാണ് വാര്‍ഷിക പാസ് നടപ്പാക്കുന്നത്. ഉപയോഗിക്കാന്‍ തുടങ്ങുന്ന അന്നുമുതല്‍ ഒരുവര്‍ഷത്തേക്ക് അല്ലെങ്കില്‍ പരമാവധി 200 യാത്രകള്‍ക്കാണ് ഈ പാസ് ബാധകമാകുകയെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഇത് ഉപയോഗിക്കാം.
വാര്ഷിക പാസ് വിശദാംശങ്ങള്
- 200 യാത്രകള്‍ വരെയോ അല്ലെങ്കില്‍ ഒരു കലണ്ടര്‍ വര്‍ഷത്തേക്കോ (ഇവയില്‍ ഏതാണോ ആദ്യം വരുന്നത്) 3000 രൂപയുടെ നിശ്ചിത ഫീസ്
- ഇന്ത്യയിലുടനീളമുള്ള ദേശീയ പാതകളില്‍ ബാധകം
- വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തതാണ് പുതിയ പാസ്
- സ്വകാര്യ നാല് ചക്ര വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു (കാറുകള്‍, ജീപ്പുകള്‍, വാനുകള്‍)
- അംഗീകൃത സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകള്‍ വഴി പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും സാധിക്കും
നേട്ടങ്ങള്
- ഇടയ്ക്കിടെ ടോള്‍ നല്‍കാന്‍ വാഹനം നിര്‍ത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാം
- പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു
- എളുപ്പത്തില്‍ ആക്ടിവേഷനും പുതുക്കലും സാധ്യമാക്കുന്ന ഡിജിറ്റല്‍ സൗകര്യം
- എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോള്‍ പ്ലാസകളിലും രാജ്യവ്യാപകമായ കവറേജ്
വാര്ഷിക പാസിന് വേണ്ട യോഗ്യത
- ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമായിരിക്കണം
- അത് നിങ്ങളുടെ വാഹനത്തില്‍ ശരിയായി ഘടിപ്പിച്ചിരിക്കണം
- വാഹന രജിസ്ട്രേഷന്‍ നമ്പറുമായി ഫാസ്ടാഗ് ബന്ധിപ്പിച്ചിരിക്കണം
- നിങ്ങളുടെ വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാകരുത്
- ടോള്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വാഹനം ഉള്‍പ്പെട്ടിരിക്കരുത്