ബാലസോർ: ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 237 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുടുങ്ങിക്കിടക്കുന്ന കോച്ചുകൾക്കടിയിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകരെ സഹായിക്കാൻ പ്രദേശവാസികളും രംഗത്തുണ്ട്. പ്രദേശത്തെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ അടിയന്തര ചികിത്സക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി രാത്രി ഏഴ് മണിയോടെ ബഹാനഗർ ബസാർ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 12864-ാം നമ്പർ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 12841 നമ്പർ കോറമാണ്ഡൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന് കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളും പാളം തെറ്റി. ഈ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് വണ്ടിയിൽ ഇടിക്കുകയായിരുന്നു. കോറമാണ്ഡൽ എക്സ്പ്രസ് ആദ്യം പാളം തെറ്റിയെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരം.
നിരവധി ട്രെയിനുകൾ റദ്ദാക്കി
കൊൽക്കത്ത: ഒഡിഷയിലെ ദാരുണമായ ട്രെയിൻ അപകടത്തെത്തുടർന്ന് നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ടാറ്റാനഗർ സ്റ്റേഷൻ വഴി തിരിച്ചുവിട്ടിട്ടുമുണ്ട്.12837 ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കി. 12895 ഹൗറ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 20831 ഹൗറ-സംബൽപൂർ എക്‌സ്‌പ്രസ്, 02837 സാന്ത്രാഗച്ചി-പുരി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
ഹെൽപ് ലൈൻ
ഒഡിഷ സർക്കാർ: 06782-262286
ബംഗാൾ ഹെൽപ് നമ്പർ: 033- 22143526/ 22535185
റെയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ:
033-26382217 (ഹൗറ)
8972073925 & 9332392339 (ഖരഗ്പുർ)
044- 25330952, 044-25330953 & 044-25354771 (ചെന്നൈ)
8249591559 & 7978418322 (ബാലസോർ)
9903370746 (ഷാലിമർ)
0866 2576924 (വിജയവാഡ)
08832420541 (രാജമുന്ദ്രി)
0491-2556198 (പാലക്കാട്)