ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും: പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്

news image
Jul 31, 2023, 1:48 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട് മത്സ്യത്തൊഴിലാളികൾക്ക്. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ.

നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകൾ നിറച്ചു തുടങ്ങി. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും. പതിവു പോലെ കഴന്തനും കരിക്കാടിയും ആദ്യം വല നിറയ്ക്കും. പിന്നാലെ ചാകരക്കോള് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയും ഉണ്ട്.

ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നു. യന്ത്രവൽകൃത   ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ കുറവുണ്ടാകുമെന്ന ആശ്വാസമാണ് ഉപഭോക്താക്കൾക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe