വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡൻ്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണം അൽപ സമയത്തിനകം നടക്കും. ട്രംപും സ്ഥാനമൊഴിയുന്ന ജോ ബൈഡനും ക്യാപിറ്റോൾ മന്ദിരത്തിൽ എത്തി. ഇവിടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങി. പ്രശസ്ത ഗായകൻ ക്രിസ്റ്റഫർ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്.
ഗാനാലാപനത്തിന് സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമല ഹാരിസും അടക്കം രാജ്യത്തെ പ്രധാന വ്യക്തികൾ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ഒന്നൊന്നായി എത്തി. വൈസ് പ്രസിഡൻ്റ് ജെഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പിന്നീടാണ് ഡൊണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇതിന് ശേഷം ഡോണൾഡ് ട്രംപിൻ്റെ അഭിസംബോധനയാണ് ലോകം ഉറ്റുനോക്കുന്നത്. ആദ്യ തവണ അധികാരമേറ്റപ്പോൾ 17 മിനിറ്റാണ് ട്രംപ് സംസാരിച്ചത്. ഇത്തവണ അദ്ദേഹം കൂടുതൽ നേരം സംസാരിക്കുമെന്നും അടുത്ത നാല് വർഷത്തെ അമേരിക്കയുടെ നയങ്ങൾ സംബന്ധിച്ച് വിശദീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
സത്യപ്രതിജ്ഞക്ക് സാക്ഷികളാകാൻ ലോക നേതാക്കളടക്കം വൻ നിരയാണ് എത്തിയിരിക്കുന്നത്. അധികാരത്തിൽ വീണ്ടുമെത്തി ആദ്യ ദിനം തന്നെ സുപ്രധാന പ്രഖ്യാപനങ്ങൾക്ക് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റം തടയാൻ കടുത്ത നടപടികളടക്കം തീരുമാനങ്ങളുണ്ടാകുമെന്നാണ് വിവരം.
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നത്. സകുടുംബം സെന്റ് ജോൺസ് ദേവാലയത്തിൽ പ്രാർത്ഥിച്ചാണ് ട്രംപ് തൻ്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം തുടങ്ങിയത്.