താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ വാഹനം പിടിച്ചെടുക്കും ; കർശന നടപടി സ്വീകരിക്കാൻ തീരുമാനം

news image
Jun 4, 2023, 11:06 am GMT+0000 payyolionline.in

കോഴിക്കോട്‌: താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ ഇനി പിടി വീഴും. അടിവാരം മുതൽ ലക്കിടിവരെ കാടിനിടയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ വകുപ്പ് മേലധികാരികളുടെ യോഗം തീരുമാനിച്ചു. താമരശേരി ചുരം സംരക്ഷണം പരിപാലനം ശുചിത്വം എന്ന വിഷയത്തെ മുൻനിർത്തി പുതുപ്പാടി പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്‌ടർ എ ഗീത  നിർദേശം നൽകിയത്.

മാലിന്യങ്ങൾ പരിശോധിച്ച് തെളിവ് ലഭിച്ചാൽ കനത്ത പിഴയും പ്രോസിക്യൂഷൻ നടപടിയുമെടുക്കാൻ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. മാലിന്യം കൊണ്ടുവരുന്ന വാഹനം പിടിച്ചെടുക്കും. ചുരത്തിൽ വാഹനം നിർത്തി കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കുന്നത്‌ നിരോധിക്കും.  ചുരത്തിൽ ആർടിഒ, പൊലീസ്, ഹൈവേ പട്രോളിങ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ സംയുക്ത പരിശോധന നടത്തും. ഇവിടെ പാർക്കിങ് നിരോധിക്കും.
ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവർക്കും റോഡ്‌ കൈയേറിയവർക്കും നോട്ടീസ് നൽകും.  ചുരത്തിൽ കോൺക്രീറ്റ് പാരപ്പറ്റ് പുനർനിർമാണം, മാലിന്യം വലിച്ചെറിയൽ എന്നിവയ്‌ക്ക്‌ പിഴ ഈടാക്കുന്നത്‌ സംബന്ധിച്ച ബോർഡുകൾ സ്ഥാപിക്കും.  അംഗീകാരം ലഭിച്ച 1.20 കോടി രൂപയുടെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ദേശീയപാത വിഭാഗം എൻജിനിയർമാർക്ക് നിർദേശം നൽകി. ചുരത്തിൽ മൊബൈൽ സിസിടിവി, സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടി എടുക്കും.
യോഗത്തിൽ ലിൻന്റോ ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ ബീന തങ്കച്ചൻ,  ആർടിഒ പി ആർ സുരേഷ്, എംവിഐ സി കെ അജിത് കുമാർ,  തഹസിൽദാർ സി സുബൈർ, ചുരം സംരക്ഷണ സമിതി പ്രസിഡന്റ്‌ വി കെ മൊയ്‌തു, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, മാലിന്യ മുക്തം നവകേരളം കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, എൻഎച്ച് എൻജിനിയർ ടി പി പ്രശാന്ത്, ഫോറസ്റ്റ് റെയ്‌ഞ്ചർ എം കെ രാജീവ് കുമാർ, ഡിവൈഎസ്‌പി അബ്ദുൽ മുനീർ, പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ്‌ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe