തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്‌നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇരുവശങ്ങളിലും വ്യത്യസ്ത രജിസ്ട്രേഷൻ നമ്പറുകൾ

news image
Oct 5, 2025, 4:39 pm GMT+0000 payyolionline.in

തിക്കോടി: ദുർഗന്ധം വമിക്കുന്ന മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിവിട്ട കണ്ടെയ്‌നർ ലോറി നാട്ടുകാർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ വ്യത്യസ്ത നമ്പറുകൾ പതിച്ചതായി കണ്ടെത്തിയതോടെ വാഹനം പോലീസിന് കൈമാറി. ഇന്ന് വൈകീട്ടോടെയാണ് സംഭവം.

തിക്കോടി പഞ്ചായത്തിന് സമീപം ദേശീയപാതയിലാണ് മത്സ്യത്തിൽനിന്ന് ഊർന്നിറങ്ങിയ മലിനജലം കണ്ടെയ്‌നർ ലോറിയിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിട്ടത്. മലിനജലം റോഡിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ ലോറി തടഞ്ഞ് ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു.

 

ലോറിയുടെ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് മുൻഭാഗത്തും പിന്നിലുമുള്ള നമ്പറുകളിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.ലോറിയുടെ മുൻഭാഗത്ത് ടിഎൻ 82 എച്ച് 7351 എന്നും, പിൻഭാഗത്തും വശങ്ങളിലും TN 51 എ.ഇ 4051 എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

കൂടാതെ, പിൻവശത്തെ നമ്പർ ഭാഗികമായി സ്റ്റിക്കർ ഉപയോഗിച്ച് മറച്ച നിലയിലുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പയ്യോളി പോലീസിൽ വിവരം അറിയിച്ചു. റിതിക സീ ഫുഡ്‌സിന്റേതാണ് ഈ കണ്ടെയ്‌നർ ലോറി.

 

വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യോളി പോലീസ് കണ്ടെയ്‌നർ ലോറി കസ്റ്റഡിയിലെടുത്തു. ലോറിയിൽ വ്യത്യസ്ത നമ്പറുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹത നീക്കി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe