തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകരുത് – ഹരജിയുമായി അഭിഭാഷകൻ കോടതിയിൽ

news image
May 22, 2023, 10:28 am GMT+0000 payyolionline.in

ന്യൂഡൽഹി: തിരിച്ചറിയൽ രേഖയോ അപേക്ഷാ ഫോമുകളോ നൽകാതെ 2000 രൂപ മാറ്റിയെടുക്കാമെന്ന ആർ.ബി.ഐയുടെയും എസ്.ബി.ഐയുടെയും തീരുമാനത്തിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ച് അഭിഭാഷകൻ. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നും അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ പരാതിയിൽ ചൂണ്ടിക്കാട്ടി.എല്ലാ ഇന്ത്യക്കാർക്കും ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കെ, 2000 രൂപയുടെ നോട്ട് മാറ്റാൻ ഒരു രേഖയും ആവശ്യമില്ലെന്ന നിലപാടിന്റെ കാരണം എന്താണെന്നും അദ്ദേഹം പരാതിയിൽ ചോദിച്ചു. പരാതി ചീഫ് ജസ്റ്റിസ് സതീഷ്ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് വന്നത്. ഇവരുടെ ബെഞ്ച് പരാതി നാളെ പരിഗണിക്കും.

 

 

80 കോടി വരുന്ന ബി.പി.എൽ ജനങ്ങൾക്ക് സൗജന്യ അരി നൽകേണ്ടി വരുന്നുണ്ട്. അതിനർഥം 80 കോടി വരുന്ന ജനങ്ങൾ 2000 രൂപ നോട്ട് ഉപയോഗിക്കുക എന്നത് അത്യപൂർവമാണ് എന്നും അശ്വിനി ഉപാധ്യായ ചൂണ്ടിക്കാട്ടി.ആദ്യ കാലത്ത് വിപണിയിൽ 6.73 ട്രില്യൺ രൂപ മൂല്യത്തിനുള്ള 2000 രൂപയുടെ നോട്ടുകൾ ഉണ്ടായിരുന്നു. അത് 37.3 ശതമാനമായി കുറഞ്ഞ് 2018 മാർച്ച് 31 ന് 3.62 ട്രില്യനായി. 2023 മാർച്ച് 31 ന് 10.8 ശതമാനം നോട്ടുകൾ മാത്രമാണ് വിപണിയിലുള്ളത്.2000 നോട്ടുകൾ പൂഴ്ത്തിവെച്ചിരിക്കുന്നത് വിഘടന വാദികളും തീവ്രവാദികളും മയക്കുമരുന്ന് ​ശൃംഖലകളും ഖനന മാഫിയകളും അഴിമതിക്കാരുമാണ്. അതിനാൽ 2000 രൂപയുടെ കൂടുതൽ നോട്ടുകൾ മാറ്റാൻ എത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അശ്വിനി ഉപാധ്യായ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്ചയാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി സർക്കാർ വ്യക്തമാക്കിയത്. സെപ്തംബർ 30 വരെ ആളുകൾക്ക് നോട്ടുകൾ ബാങ്കിലെത്തി മാറ്റുകയോ അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം.നോട്ടുകൾ മാറ്റി എടുക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകുകയോ തിരിച്ചറിയൽ കാർഡ് ഹാജരാക്കുകയോ വേണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയിൽ 20,000 രൂപവരെയുള്ള നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണെന്നും ബാങ്കുകൾ അറിയിച്ചു.2000 രൂപ നോട്ട് മാറ്റിയെടുക്കാനായി ആരും ബാങ്കിലേക്ക് തിരക്കിട്ട് ഓ​ടേണ്ടതില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസും ഇന്ന് പറഞ്ഞിരുന്നു. സെപ്തംബർ 30 ന് ശേഷവും നോട്ട് നിയമസാധുതയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe