തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനായി പതിനായിരം രൂപ അർബുദ രോഗിയുടെ കുടുംബത്തിൽനിന്നു വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയൻകീഴ് മച്ചേൽ സ്വദേശി വി.ജി.ഗോപകുമാറിനെയാണു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. പണവുമായി കാറിൽ പാഞ്ഞ ഗോപകുമാറിനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണു ഉദ്യോഗസ്ഥർ പിടികൂടിയത്.
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടു വയ്ക്കാനായി മണ്ണിടിക്കുന്നതിനായി വെള്ളനാട് മുണ്ടേല സ്വദേശിനി ടിപ്പർ ലോറി ഉടമകളോടു സഹായം തേടിയിരുന്നു. മണ്ണിടിക്കാനുള്ള അനുമതിക്കു ഇവർ പഞ്ചായത്തു സെക്രട്ടറിയെ സമീപിച്ചെങ്കിലും ഇയാൾ അനുമതി നൽകിയില്ല. തുടർന്നു പണം നൽകാമെന്നു സമ്മതിച്ചു വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടു നാലുമണിയോടെ സൈറ്റ് കാണാൻ എത്തുമെന്നു സെക്രട്ടറി അറിയിച്ചിരുന്നു.
സൈറ്റിലെത്തി ഇവിടെനിന്നു ഇടനിലക്കാരനെ കാറിൽ കയറ്റിയ ഗോപകുമാർ ഇയാളെ കൂവക്കുടിയിൽ ഇറക്കി. കാറിനുള്ളിൽ പണം വച്ച് ഇടനിലക്കാരൻ ഇറങ്ങിയതോടെ ഗോപകുമാർ കാറുമായി മലയൻകീഴിലേക്കു കുതിച്ചു. പിന്നാലെ പുറപ്പെട്ട വിജിലൻസ് സംഘം കാട്ടാക്കടയിൽ വച്ച് ഗോപകുമാറിനെ പിടികൂടുകയായിരുന്നു. കാറിന്റെ ഡോറിന്റെ വശത്തുനിന്നും പണം കണ്ടെത്തി. എന്നാൽ താൻ നിരപരാധിയെന്നും തന്നെ കുടുക്കുകയുമാണെന്നായിരുന്നു ഗോപകുമാറിന്റെ വാദം.