തിരുവോണം ബമ്പർ വിൽപ്പന 50 ലക്ഷത്തിലേക്ക്‌; നറുക്കെടുപ്പ്‌ 20ന്‌

news image
Sep 5, 2023, 2:24 am GMT+0000 payyolionline.in

തിരുവനന്തപുരം:  തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്‌ റെക്കോഡ് വിൽപ്പന. വിൽപ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ്‌ വിറ്റത്‌. അന്നുമുതൽ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നു. തിങ്കളാഴ്‌ച രണ്ടരലക്ഷം ടിക്കറ്റ്‌ വിറ്റു. ഇതോടെ 44.5 ലക്ഷം ടിക്കറ്റുകൾ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി. വരുംദിവസങ്ങളിലും വിൽപ്പന ഉയരുമെന്നാണ്‌ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും പ്രതീക്ഷ. നറുക്കെടുപ്പ്‌ 20നാണ്‌.


ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റാണ് വിൽപ്പനയ്ക്ക് എത്തിച്ചത്‌. പിന്നീടത്‌ 50 ലക്ഷമാക്കി. 10 ലക്ഷംകൂടി അച്ചടിച്ച്‌ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്‌. ആവശ്യമെങ്കിൽ പത്തുലക്ഷംകൂടി അച്ചടിക്കാനും ആലോചനയുണ്ട്‌. 90 ലക്ഷം ടിക്കറ്റുവരെ വിൽപ്പനയ്ക്ക് എത്തിക്കാൻ വകുപ്പിനാകും. കഴിഞ്ഞവർഷം 66.5 ലക്ഷം ടിക്കറ്റാണ്‌ ചെലവായത്‌.
ഇത്തണ 5,34,670 സമ്മാനങ്ങളാണ്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞവർഷം 3,97,911 ആയിരുന്നു, വിൽപ്പനക്കാരുടെ കമീഷനും വർധിപ്പിച്ചു.

സമ്മാനഘടനയിലും മാറ്റമുണ്ട്. 500 രൂപയാണ് ടിക്കറ്റിന്. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടിവീതം 20 പേർക്ക് നൽകും‌. കഴിഞ്ഞ തവണ ഒരാൾക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പറുകൾക്ക്‌ ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം പത്തുപേർക്ക്. അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം പത്തുപേർക്കുണ്ട്‌. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ആകെ സമ്മാനത്തുക 125.54 കോടിയും. പച്ചക്കുതിരയാണ്‌ ഓണം ബമ്പറിന്റെ ഭാഗ്യചിഹ്നമായി അടിച്ചിട്ടുള്ളത്‌. സുരക്ഷ മുൻനിർത്തിയും വ്യാജ ടിക്കറ്റുകൾ തിരിച്ചറിയുന്നതിനുമായി ഫ്ലൂറസന്റ് മഷിയിലാണ് അച്ചടി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe