തീസ്ത സെതല്‍വാദ് ഉടന്‍ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

news image
Jul 1, 2023, 10:04 am GMT+0000 payyolionline.in

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. തീസ്ത ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.

കീഴടങ്ങുന്നതിന് തീസ്തയുടെ അഭിഭാഷകന്‍ 30 ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സുപ്രീം കോടതിയില്‍നിന്ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ അവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജരേഖയുണ്ടാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്.

തീസ്ത സെതല്‍വാദിനെയും കൂട്ടുപ്രതിയായ ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-നാണ് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയില്‍വിട്ട അവരുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ ജൂലായ് രണ്ടിന് കോടതി അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 2022 സെപ്റ്റംബറിലാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തുവെന്നാണ് പോലീസ് ആരോപണം.

ഗുജറാത്ത് കലാപത്തിനുശേഷം അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് 30 ലക്ഷംരൂപ തീസ്ത വാങ്ങി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് തീസ്ത അറസ്റ്റിലാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe