5 വർഷത്തിനുശേഷം ശബരിമലയിൽ വൻതിരക്ക്; വെള്ളവും ഭക്ഷണവും കിട്ടാതെ പലരും തളർന്നു വീണു

news image
Dec 11, 2022, 6:26 am GMT+0000 payyolionline.in

ശബരിമല : തീർഥാടകപ്രവാഹത്തിൽ സന്നിധാനവും പമ്പയും മാത്രമല്ല ശരണ വഴികളെല്ലാം നിറഞ്ഞു. പതിനെട്ടാംപടി കയറുന്നതിനു 12 മണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടി വന്നതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ പലരും തളർന്നു വീണു. നിയന്ത്രണങ്ങൾ പാളിയതോടെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പൊലീസിനും പരുക്കേറ്റു.

 

ഇന്നലെ സന്ധ്യയോടെയാണു മരക്കൂട്ടത്ത് തിരക്കു നിയന്ത്രണം കൈവിട്ടത്. രോഗിയുമായി പോയ ആംബുലൻസിനു കടന്നു പോകാൻ അവസരം നൽകിയതിനു പിന്നാലെ സ്വാമി അയ്യപ്പൻ റോഡിലൂടെ വന്ന തീർഥാടകർ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്കു പോകാ‍ൻ കൂട്ടത്തോടെ ഇടിച്ചു കയറുകയായിരുന്നു. ഇതിനിടെയാണ് തീർഥാടകരും പൊലീസും വീണത്. പലർക്കും ചവിട്ടേറ്റു. ഒരാളുടെ കാൽ ഒടിഞ്ഞു. സംഭവമറിഞ്ഞ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ കെ.ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.

തിരക്കു നിയന്ത്രിക്കാൻ എരുമേലി, മുക്കൂട്ടുതറ, കണമല, ളാഹ എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു. എന്നിട്ടും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതിനാൽ വാഹനങ്ങൾ മറ്റു സ്ഥലങ്ങളിലും തടയാൻ പൊലീസ് നിർദേശം നൽകി. ഇതുമൂലം കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ താളം തെറ്റി. പല സ്ഥലങ്ങളിൽ നിന്നു പമ്പയിലേക്കു വന്ന 227 ബസുകൾ പല സ്ഥലങ്ങളിൽ കുടുങ്ങി. ഇതുമൂലം മടക്കയാത്രയ്ക്കു ബസില്ലാതെ തീർഥാടകർ വിഷമിച്ചു. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലും വാഹനത്തിരക്കു കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

5 വർഷത്തിനു ശേഷമാണു ശബരിമലയിൽ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത്. മഹാപ്രളയം, യുവതീപ്രവേശം, കോവിഡ് തുടങ്ങിയ കാരണങ്ങളാൽ 5 വർഷം തീർഥാടകർ വളരെ കുറവായിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് ശബരിമലയിൽ വലിയ തിരക്ക് തുടരുന്നത്. ഇന്നലെ 94,369 തീർഥാടകരാണ് ദർശനം നടത്തിയത്.വെള്ളിയാഴ്ച 1,07,695 പേരും വ്യാഴാഴ്ച 96,030 തീർഥാടകരും ദർശനം നടത്തി. നാളെ 1.07 ലക്ഷം പേരാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്.

തിരക്കു നിയന്ത്രണത്തിനു പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തണോയെന്ന് ആലോചിക്കാൻ 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി യോഗം വിളിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തിൽ ദർശനം നടത്താനുള്ള സൗകര്യമേർപ്പെടുത്തുന്ന കാര്യം പരിഗണിക്കും.ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe