തുറയൂർ: കേരള മീഡിയ അക്കാദമിയും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയ ക്ലബിന് തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും കേരള പത്രപ്രവർത്തകയൂണിയൻ്റെയും സഹകരണത്തോടെയാണ് മീഡിയ ക്ലബിൻ്റെ പ്രവർത്തനം. ഹയർ സെക്കൻ്ററി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ് ഉത്ഘാടനം ചെയ്തു. ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനുകീഴിലുള്ള വിമൻ ഇൻ ന്യൂസ് ആൻ്റ് സ്പോർട്സിലെ മാധ്യമ പ്രവർത്തക അഞ്ജനാ ശശി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

തുറയൂർ ബി ടി എം എച്ച് എസ്എസിൽ നടന്ന മീഡിയാക്ലബ് ഉദ്ഘാടനചടങ്ങിൽ മാധ്യമപ്രവർത്തക അഞ്ജനാശശി വിദ്യാർത്ഥികളുടെ മാഗസിൻ പ്രകാശനം ചെയ്യുന്നു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘കമ്മ്യൂണിക്’ മാഗസിൻ്റെയും ഡോക്യുമെൻ്ററിയുടെയും പ്രകാശനകർമ്മം അഞ്ജനാശശി നിർവ്വഹിച്ചു. പ്രതിഭാപുരസ്കാരവും സർട്ടിഫിക്കറ്റും സി.കെ.ഗിരീഷ് വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് യു.സി. വാഹിദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. കൺവീനർ സുജിത് നെല്ല്യേരി മീഡിയക്ലബ് പ്രവർത്തനം വിശദീകരിച്ചു. പ്രിൻസിപ്പാൾ സന്ധ്യ.പി.ദാസ്, ഹെഡ്മിസ്ട്രസ് പി.കെ.സുചിത്ര, സ്റ്റാഫ് സെക്രട്ടറിമാരായ കെ. സറീന, സി.എ.നൗഷാദ് എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൺവീനർ ആർ.ശരത് സ്വാഗതവും മീഡിയക്ലബ് പ്രസിഡൻ്റ് ഐ.കെ കീർത്തന നന്ദിയും പറഞ്ഞു.