കൊയിലാണ്ടി: റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ വ്യാപാരികൾ നേരിടുന്ന നഷ്ടം പരിഹരിക്കാനുള്ള മുൻകൂട്ടി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുകയില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം പ്രഖ്യാപിച്ചു.
ജനുവരി മാസത്തിൽ റേഷൻ വ്യാപാരികളും താലൂക്ക് സപ്ലൈ ഓഫീസറും കസ്റ്റഡിയൻ കരാറുകാരനും ചേർന്നുള്ള ചർച്ചയിൽ, വാതിൽപ്പടി തൂക്കിയിറക്കുന്ന രീതിയിലൂടെയും തൂക്കക്കുറവ് അടുത്ത ഡിപ്പോയിൽ പരിഹരിക്കാനുമുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇത് നടപ്പിലാക്കാൻ അധികൃതർ ആഗ്രഹിക്കുന്നില്ലെന്നാണ് സംഘടനയുടെ ആരോപണം.
ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കുന്നതായും, പലതവണ രേഖാമൂലം പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. അടിയന്തരമായി തൂക്ക വ്യത്യാസം പരിഹരിക്കുകയും, ഉടൻ തീരുമാനങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, ഇ. ശ്രീജൻ, കെ.കെ. പരീത്, വി.എം. ബഷീർ, ടി. സുഗതൻ, വി.പി. നാരായണൻ എന്നിവർ സംസാരിച്ചു. ശശിധരൻ മങ്ങര അധ്യക്ഷനായിരുന്നു.