തൂത്തുക്കുടി വെടിവയ്പ്പ്: അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നടപടിയെടുത്ത് സർക്കാർ, 4 പൊലീസുകാർക്ക് സസ്പെൻഷൻ

news image
Oct 21, 2022, 11:10 am GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട്ടിലെ  തൂത്തുക്കുടി വെടിവയ്പ്പ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയുമായി ഡിഎംകെ സർക്കാർ. വീഴ്ചയ്ക്ക് ഉത്തരവാദിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയ പൊലീസുകാർക്കെതിരെയാണ് നടപടി എടുത്തത്. ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

വെടിവയ്പ്പ് നടക്കുന്ന സമയത്ത് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കർ, സതീഷ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. തൂത്തുക്കുടി വെടിവയ്പ്പ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ, റിപ്പോർട്ട് കഴിഞ്ഞ ദിവസം സഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. 2018 മെയ് 22ന് നടന്ന പൊലീസ് വെടിവയ്പ്പിൽ 13 പേരാണ് തൂത്തുക്കുടിയിൽ മരിച്ചത്. ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥ‌‍ർക്കും സംഭവത്തിൽ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.  സംഭവത്തിൽ ഉൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണം എന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ്പിൽ മരിച്ചവരുടെ ആശ്രിതർക്ക്,  50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe