തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് വ്യവസായി എം എ യൂസഫ് അലി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷ രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ ജില്ലാ കളക്ടർ വഴി സഹായം കൈമാറും. നേരത്തേ കല്യാൺ ജ്വല്ലേഴ്‌സ് എംഡി ടി എസ് കല്യാണരാമനും അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്നായിരുന്നു കല്യാണരാമൻ അറിയിച്ചത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാൽ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതിൽ പൊളിക്കുകയും വയൽ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിന് ചെലവാകുന്ന യഥാർത്ഥ തുക ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തപ്രതികരണ നിധിയിൽ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.
വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യതക്കുറവാണെന്നാണ് പെസോയുടെ നിഗമനം. ഷോർട്ട് സർട്ട്ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്പക്രേറ്റ് പരിശോധന നടത്തുമെന്നും പെസോ അറിയിച്ചു.
ഏപ്രിൽ 21ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ഇതുവരെ പതിനാല് പേരാണ് കൊല്ലപ്പെട്ടത്.
