തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് വിലങ്ങാകുന്നത് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ മൃഗജനന നിയന്ത്രണ നിയമം 2023 (എബിസി നിയമം). പൊതുജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രയത്നങ്ങളെ ഇല്ലാതാക്കുകയാണിത്. 2001ലെ ചട്ടം 2023 മാർച്ചിൽ കേന്ദ്രം പുതുക്കി.
വന്ധ്യംകരണം ചെയ്യുന്ന വെറ്ററിനറി ഡോക്ടർ കുറഞ്ഞത് 2000 ശസ്‌ത്രക്രിയ ചെയ്തിരിക്കണമെന്നതാണ് നിയമത്തിലെ ഏറ്റവും അപ്രായോഗികമായ ഭാഗം. ഈ യോഗ്യതയുള്ള ഡോക്ടർമാരുടെ സേവനം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുക അസാധ്യമാണ്. ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന പ്രത്യുൽപ്പാദന അവയവങ്ങൾ 10 ശതമാനം ഫോർമാൽഡിഹൈഡിൽ സൂക്ഷിക്കണമെന്നും ചട്ടം പറയുന്നു. ഇതിന്റെ എണ്ണം രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിലൊരിക്കലോ തിട്ടപ്പെടുത്തണം. അനിമൽ ബെർത്ത് കൺട്രോൾ ബോർഡിന്റെ അനുമതി ഇല്ലാതെ തദ്ദേശസ്ഥാപനങ്ങൾക്ക് വന്ധ്യംകരണം ചെയ്യാനാകില്ല. ഓരോ തവണ ഇതിന് പദ്ധതി തയ്യാറാക്കുമ്പോഴും അനുമതി വാങ്ങണം. നായയുടെ ജീവൻ നഷ്‌ടമായാൽ പദ്ധതി ചുമതല വഹിക്കുന്ന ഡോക്ടർക്കെതിരെ നിയമനടപടിയുമെടുക്കും.
ശസ്‌ത്രക്രിയ കഴിഞ്ഞ് നാലുദിവസത്തെ പരിചരണത്തിനുശേഷം എവിടെനിന്നാണോ നായയെ പിടിച്ചത് അവിടെത്തന്നെ തിരികെ വിടണം. ഇതിന് സ്ഥലസൗകര്യമുള്ള അത്യാധുനിക കേന്ദ്രങ്ങൾ വേണം. എന്നാൽ, സംസ്ഥാനത്ത് എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ കടിയേറ്റ് മരിച്ച കണ്ണൂർ ജില്ലയിലെ പാപ്പിനിശേരിയിലും കൊപ്പാലത്തും പ്രവർത്തിച്ച എബിസി കേന്ദ്രങ്ങൾ എതിർപ്പിനെത്തുടർന്ന് പൂട്ടി. ഇത്തരത്തിൽ നിരവധി കേന്ദ്രങ്ങൾ പൂട്ടി.
കേരളത്തിന്റെ എബിസി പദ്ധതി അട്ടിമറിക്കാൻ, ഈ മേഖലയിൽ കുടുംബശ്രീയുടെ അംഗീകാരം റദ്ദാക്കിയതും പ്രധാന കാരണമാണ്. എട്ട് ജില്ലയിലായി 70,000ൽ അധികം നായകൾക്ക് ശസ്‌ത്രക്രിയ ചെയ്ത അനുഭവം കുടുംബശ്രീക്ക് ഉണ്ടായിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംസ്ഥാനത്തുടനീളം അനിമൽ ബർത്ത് കൺട്രോൾ നടപടിക്രമങ്ങൾ നടത്തുന്നതിൽ കുടുംബശ്രീ യൂണിറ്റുകളെ വിലക്കി ഹൈക്കോടതി 2021 ഡിസംബർ 17ൽ ഉത്തരവിട്ടിരുന്നു.